400 താലിബാൻ തടവുകാരെ അഫ്ഗാൻ സർക്കാർ വിട്ടയയ്ക്കുന്നു
Monday, August 10, 2020 12:37 AM IST
കാബൂൾ: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 150 പേർ അടക്കം 400 താലിബാൻ തടവുകാരെ മോചിപ്പിക്കുന്നു. അഫ്ഗാനിസ്ഥാനിലെ പരന്പരാഗത ഗോത്രനേതാക്കളുടെ സമിതിയായ ലോയ ജിർഗയാണു തീരുമാനം എടുത്തത്. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള സമാധാന ചർച്ചയ്ക്കുള്ള തടസങ്ങൾ നീക്കാൻ ലക്ഷ്യമിട്ടാണിത്.
19 വർഷത്തെ അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യുഎസ് താലിബാനുമായി ഈ വർഷമാദ്യം സമാധാന ധാരണ ഉണ്ടാക്കിയിരുന്നു. 5000 താലിബാൻ തടവുകാരെ അഫ്ഗാൻ സർക്കാർ മോചിപ്പിക്കണമെന്നു കരാറിൽ നിർദേശിച്ചിരുന്നു. ആയിരങ്ങളെ വിട്ടയച്ചെങ്കിലും ഗുരുതര കുറ്റകൃത്യങ്ങൾക്കു ശിക്ഷ അനുഭവിക്കുന്ന 400 പേരുടെ കാര്യത്തിൽ തീരുമാനം എടുത്തില്ലായിരുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി ഒപ്പുവച്ചാൽ ഇവർ മോചിതരാകും. താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ച ഈയാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ ആരംഭിച്ചേക്കും.