ടുണീഷ്യൻ അഭയാർഥി ഇറ്റാലിയൻ വൈദികനെ കുത്തിക്കൊന്നു
Wednesday, September 16, 2020 12:49 AM IST
റോം: വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ ഇന്നലെ രാവിലെ കോമോ പട്ടണമധ്യത്തിലെ സാൻ റോക്കോ സ്ക്വയറിൽവച്ച് ടുണീഷ്യയിൽനിന്നുള്ള അഭയാർഥി കുത്തിക്കൊന്നു.
അഭയാർഥികൾക്കുവേണ്ടി രൂപതയിൽനിന്നു നിയോഗിക്കപ്പെട്ട ഫാ. റൊബേർത്തോ മാൽഗെസീനി (51)യാണ് പ്രഭാതഭക്ഷണം വിളന്പുന്നതിനിടെ കഴുത്തിൽ പിന്നിൽനിന്നുള്ള കുത്തേറ്റു മരിച്ചത്. ഏതാനും വർഷങ്ങളായി ഇറ്റലിയിൽ അനധികൃതമായി താമസിക്കുന്ന ടുണീഷ്യൻ അഭയാർഥി(53)യുടെ കുത്തേറ്റ് അപ്പോൾത്തന്നെ വൈദികൻ മരിക്കുകയായിരുന്നു. 2015 മുതൽ നാടുവിടാൻ ഇയാൾക്ക് പലതവണ അറിയിപ്പ് കൊടുത്തിരുന്നത്രേ.
വൈദികനെ മുൻപരിചയമുള്ള ആളാണ് അക്രമി. കോമോ രൂപത ബിഷപ് ഡോ. ഓസ്ക്കാർ കന്തോനി ഫാ.റൊബേർത്തോയെ പരസ്നേഹത്തിന്റെ രക്തസാക്ഷി എന്നാണു വിശേഷിപ്പിച്ചത്. പാവപ്പെട്ടവരെ സഹായിക്കാൻ എപ്പോഴും മുൻപന്തിയിലുണ്ടായിരുന്ന അദ്ദേഹം അവർക്കുവേണ്ടി ജീവൻ വെടിഞ്ഞതായി ബിഷപ് അനുസ്മരിച്ചു. ഇന്നലെ വൈകുന്നേരം കോമോ കത്തീഡ്രലിൽ പ്രത്യേക പ്രാർഥനകൾ നടന്നു.
യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ പ്രവാഹം, സംസ്കാരങ്ങളുടെയും മതങ്ങളുടെയും സംഘർഷം എന്നിവയെപ്പറ്റിയുള്ള സംവാദം ഈ കൊലപാതകത്തോടെ പുതിയൊരു മാനം നേടിയിരിക്കുന്നതായി ഇറ്റാലിയൻ ദിനപത്രമായ ലാസ്റ്റാന്പാ പറഞ്ഞു. 1999 ജനുവരി 20ന് മൊറോക്കൻ സ്വദേശിയായ ഒരു അഭയാർഥി കോമോ രൂപത വൈദികനായ ഫാ.റെൻസോ സെറേത്ത(76)യെ കുത്തിക്കൊല്ലുകയുണ്ടായി. അഭയാർഥികളെ സ്വീകരിക്കാൻ ഉത്സുകനായ വൈദികനായിരുന്നു അദ്ദേഹവും.