തീയിട്ടത് അഭയാർഥികൾ തന്നെ; ആറുപേർ അറസ്റ്റിൽ
Wednesday, September 16, 2020 10:52 PM IST
ആഥൻസ്: ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ മോറിയാ അഭയകേന്ദ്രം കഴിഞ്ഞയാഴ്ച തീയിട്ടു നശിപ്പിച്ചത് അവിടെ താമസിച്ചിരുന്ന അഭയാർഥികൾ തന്നെയെന്ന് ഗ്രീക്ക് പോലീസ്. തീവച്ചതിന്റെ പേരിൽ ആറ് അഫ്ഗാൻ അഭയാർഥികളെ അറസ്റ്റ് ചെയ്തതായി ഗ്രീക്ക് മന്ത്രി മിഖാലിസ് ക്രിസോഖോയിദിസ് അറിയിച്ചു. യൂറോപ്പിൽ അഭയം നിഷേധിക്കപ്പെട്ടതിലുള്ള പ്രതിഷേധമാണത്രെ തീവയ്പിനു പിന്നിൽ.
മോറിയായിൽ അഫ്ഗാനിസ്ഥാൻ, സിറിയ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള 12,000 -ൽ ഏറെ അഭയാർഥികളാണ് ഉണ്ടായിരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ഇവർക്ക് ഇപ്പോൾ താമസസ്ഥലമോ ഭക്ഷണമോ അവശ്യസാധനങ്ങളോ ഇല്ല. ലെസ്ബോസ് ദ്വീപിൽതന്നെ പുതുതായി നിർമിച്ച കാരാ തെപ്പെ അഭയകേന്ദ്രത്തിലേക്കു മാറാൻ അഭയാർഥികൾ മടിക്കുകയാണ്. ദ്വീപിൽ നിന്നു മാറ്റി, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ എത്തിക്കണമെന്നാണ് അവരുടെ ആവശ്യം. അതിനുവേണ്ടി ഗ്രീക്ക് ഭരണകൂടത്തെ പ്രേരിപ്പിക്കാനാണ് തീയിട്ടതെന്നാണ് അനുമാനം.
അഭയകേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ തീ കാണപ്പെടുകയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ അഭയാർഥികളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്പോഴാണ് തീ പടർന്നു പിടിച്ചത്.