ഗാസയിൽ ഇസ്രയേലിന്റെ പ്രത്യാക്രമണം
Wednesday, September 16, 2020 10:52 PM IST
ജറുസലേം: ഗാസ മുനന്പിൽ ഹമാസിന്റെ സൈനികകേന്ദ്രങ്ങളിൽ ഇസ്രയേൽ സേനയുടെ പ്രത്യാക്രമണം. മധ്യപൂർവദേശത്തെ സമാധാനം ലക്ഷ്യമിട്ട് യുഎസിന്റെ മധ്യസ്ഥതയിൽ ഇസ്രയേലുമായി യുഎഇയും ബഹറിനും സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെയാണു ആക്രമണവും പ്രത്യാക്രമണവും. യുഎസിൽ ഒപ്പിട്ട കരാറിലെ മഷിയുണങ്ങും മുന്പ്, ചൊവ്വാഴ്ച രാത്രിയോടെ പലസ്തീൻ കേന്ദ്രങ്ങളിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ പാഞ്ഞടുക്കുകയായിരുന്നു. ഇസ്രയേലിനെ ലക്ഷ്യമാക്കി ഹമാസ് ആക്രമണം നടത്തിയിരുന്നു.
ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റതായി ഇസ്രയേൽ പറഞ്ഞു. തെക്കൻ പ്രവിശ്യയെ ലക്ഷ്യമാക്കിയുള്ള ആക്രമണം പുലർച്ചെവരെ നീണ്ടു. ഇതിനു തിരിച്ചടിയായാണു ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പത്തു കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടന്നതെന്ന് ഇസ്രയേൽ പറഞ്ഞു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും നിർമിക്കുന്ന ഫാക്ടറിയും സൈനികപരീശീലന കേന്ദ്രവും ഉൾപ്പെടെയാണ് ആക്രമിക്കപ്പട്ടത്.
മധ്യപൂർവേദശത്തു സമധാനത്തിന്റെ പുതുപുലരിയെന്ന പ്രഖ്യാപനത്തോടെ കരാർ ഒപ്പിട്ടെങ്കിലും ഇസ്രയേൽ-പാലസ്തീൻ സംഘർഷം തുടരുമെന്ന സൂചനയാണു കഴിഞ്ഞദിവസത്തെ സംഭവവികാസങ്ങൾ നൽകുന്നത്.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, ബഹ്റൈൻ വിദേശകാര്യമന്ത്രി അബ്ദുൾ ലത്തീഫ് അൽ സയാനി എന്നിവരാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലുള്ള കരാറിൽ ഒപ്പിട്ടത്.