സർക്കാർ വിരുദ്ധ പ്രക്ഷോഭം: നവാസ് ഷെരീഫിന്റെ മരുമകൻ അറസ്റ്റിൽ
Tuesday, October 20, 2020 12:56 AM IST
കറാച്ചി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ (പിഡിഎം) നേതൃത്വത്തിൽ കറാച്ചിയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫിന്റെ മരുമകൻ ക്യാപ്റ്റൻ(റിട്ട.) മുഹമ്മദ് സഫ്ദറെ കറാച്ചിയിലെ ഹോട്ടലിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടൽ മുറി തകർത്ത് അകത്തു കടന്ന പോലീസ് ബലാൽക്കാരമായി സഫ്ദറെ പിടിച്ചുകൊണ്ടുപോകുകയായിരുവെന്ന് ഭാര്യ മറിയം നവാസ് പറഞ്ഞു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്നയുടെ പേരിലുള്ള സ്മാരകമണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചതിനാണ് സഫ്ദറെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി അലി സയീദി പറഞ്ഞു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ സഫ്ദറിനു കറാച്ചിയിലെ ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണു ജാമ്യം.