പാരീസിൽ മോസ്ക് അടയ്ക്കാൻ നിർദേശം
Tuesday, October 20, 2020 11:37 PM IST
പാരീസ്: കഴിഞ്ഞ വെള്ളിയാഴ്ച ചരിത്രാധ്യാപകൻ സാമുവൽ പാറ്റിയെ തലവെട്ടി കൊന്നതിനെത്തുടർന്ന് പാരീസിന്റെ പാന്റാൻ ഭാഗത്തുള്ള ഒരു മോസ്ക് അടച്ചുപൂട്ടാൻ ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനാൻ നിർദേശിച്ചു. ഈ മോസ്കിലെ ഇമാം കൊല്ലപ്പെട്ട അധ്യാപകനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിരുന്നു. സ്കൂളിന്റെ വിലാസം പ്രസിദ്ധപ്പെടുത്തിയതും ഇയാളാണ്.
ഇന്നലെ തീവ്രവാദവുമായി ബന്ധമുള്ള വ്യക്തികൾക്കും സംഘടനകൾക്കുമെതിരേ 34 പോലീസ് പരിശോധനകൾ നടന്നു. ഇവയെല്ലാം അധ്യാപകന്റെ കൊലപാതകവുമായി ബന്ധമുള്ളതല്ലെന്ന് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഫ്രാൻസ് തീവ്രവാദത്തെ വച്ചുപൊറുപ്പിക്കുകയില്ലെന്ന സന്ദേശം കൊടുക്കുകയാണ് പോലീസിന്റെ ലക്ഷ്യം.
കൊല്ലപ്പെട്ട അധ്യാപകൻ സാമുവൽ പാറ്റിക്ക് ഫ്രാൻസിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകണമെന്ന് വിദ്യാഭ്യാസമന്ത്രി ജീൻ മിഷെൽ ബ്ലാൻകെ നിർദേശിച്ചു. ദേശീയ തലത്തിലുള്ള അനുസ്മരണയോഗം ഇന്ന് പാരീസിലെ സോർബോൺ സർവകലാശാലയിൽ നടക്കും.