ഇസ്രയേൽ അധിനിവേശ പ്രദേശത്ത് പോംപിയോയുടെ സന്ദർശനം
Thursday, November 19, 2020 11:36 PM IST
ടെൽ അവീവ്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെസ്റ്റ്ബാങ്കിലെ ഇസ്രേലി അധിനിവേശ കേന്ദ്രങ്ങളിൽ ഇന്നലെ സന്ദർശനം നടത്തി. അമേരിക്കയിലെ ഒരുന്നത നേതാവ് ഇവിടെ പോകുന്നത് ഇതാദ്യമാണ്. സന്ദർശനത്തെ പലസ്തീൻ അപലപിച്ചു.
ബുധനാഴ്ച ഇസ്രയേലിലെത്തിയ പോംപിയോ ഇന്നലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. പലസ്തീൻകാർ നേതൃത്വം നല്കുന്ന ബോയ്കോട്ട്, ഡൈവെസ്റ്റ്മെന്റ് ആൻഡ് സാംഗ്ഷൻസ്(ബിഡിഎസ്) എന്ന സംഘടനയെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ജൂതവിരുദ്ധസംഘടനയായി പ്രഖ്യാപിക്കുമെന്ന് നെതന്യാഹുവുമായി നടത്തിയ പത്രസമ്മേളനത്തിൽ പോംപിയോ അറിയിച്ചു. തുടർന്നാണ് വെസ്റ്റ്ബാങ്കിലേക്കു പോയത്. ഇവിടുത്തെ ലോകപ്രശസ്ത വീഞ്ഞുനിർമാണ കേന്ദ്രമായ പ്സഗോട്ട് ആണ് സന്ദർശിച്ചത്. തുടർന്ന് അദ്ദേഹം ഇസ്രേലി അധിനിവേശ ഗോലാൻ കുന്നുകളും സന്ദർശിച്ചു. 1967ലെ യുദ്ധത്തിൽ സിറിയയിൽനിന്നു പിടിച്ചെടുത്ത സ്ഥലമാണിത്.
വെസ്റ്റ്ബാങ്കിലെ ഇസ്രേലി നിർമാണങ്ങൾ അന്താരാഷ്ട്ര നിമയങ്ങൾക്കു വിരുദ്ധമല്ലെന്ന് ഒരു വർഷം മുന്പ് പോംപിയോ പറഞ്ഞിരുന്നു. അമേരിക്ക ദീർഘകാലം തുടർന്ന നയങ്ങളുടെ തിരുത്തലായിരുന്നു ഇത്.
1967 മുതലിങ്ങോട്ട് വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി കയ്യേറിയ സ്ഥലങ്ങളിൽ 140 സെറ്റിൽമെന്റുകൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ട്. ആറു ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്. ഇസ്രയേലിന്റെ നടപടി നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം പറയുന്നു. ഗോലാൻ കുന്നുകൾ പിടിച്ചെടുത്തതിനും അന്താരാഷ്ട്ര അംഗീകാരമില്ല.
അമേരിക്കയിലെ കാലാവധി തീരുന്ന ട്രംപ് ഭരണകൂടം ഇസ്രയേലിന് അനുകൂലമായ പല തീരുമാനങ്ങളും എടുത്തിരുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് അംഗീകരിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പലസ്തീൻകാർ തങ്ങളുടെ ഭാവി രാജ്യത്തിന്റെ തലസ്ഥാനമായിട്ടാണ് കിഴക്കൻ ജറുസ ലേമിനെ കാണുന്നത്.