ഗ്വാട്ടിമാലയിൽ പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിനു തീയിട്ടു
Sunday, November 22, 2020 11:32 PM IST
ഗ്വാട്ടിമാല സിറ്റി: സെൻട്രൽ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭകർ പാർലമെന്റ് മന്ദിരത്തിനു തീയിട്ടു. ബുധനാഴ്ച പാർലമെന്റിൽ പാസാക്കപ്പെട്ട ബജറ്റ് ആണ് പ്രതിഷേധത്തിനു കാരണം. വൻകിട കന്പനികൾക്കു മുൻഗണന നല്കിയിരിക്കുന്ന ബജറ്റിൽ കോവിഡ് പ്രതിസന്ധി മറികടക്കാൻ ഒന്നുമില്ല. വിദ്യാഭ്യാസ, ആരോഗ്യ പദ്ധതികൾക്കു വിഹിതം കുറച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ശനിയാഴ്ച പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് തുരത്തി. അഗ്നിശമനസേന തീയണച്ചു. പുക ശ്വസിച്ച് കുറച്ചുപേർ അവശതയിലായി. പ്രസിഡന്റ് അലഹാന്ദ്രോ ജിയാമത്തെയ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം തുടരുകയാണ്.