ഇറാൻ ആണവബിൽ പാസാക്കി
Monday, November 30, 2020 12:15 AM IST
ടെഹ്റാൻ: ആണവപദ്ധതികൾ ത്വരിതപ്പെടുത്തുന്നതായി ഇറേനിയൻ പാർലമെന്റ് പുതിയ ബിൽ പാസാക്കി. ഇറേനിയൻ ആണവശാസ്ത്രജ്ഞൻ മൊഹ്സെൻ ഫബ്രിസാദേഹിനെ ഇസ്രയേൽ വധിച്ചതിനു പിന്നാലെയാണ് ഇറാന്റെ പുതിയ നീക്കം.
14ന് എതിരേ 232 വോട്ടുകൾക്കാണു പാർലമെന്റ് പുതിയ ആണവ ബിൽ പസാക്കിയതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് വർധിപ്പിക്കാൻ വ്യവസ്ഥയുള്ളതാണു പുതിയ ബിൽ. പുതിയ ബിൽപ്രകാരം ഇരുപതു ശതമാനത്തിൽ കൂടുതൽ അളവ് യുറേനിയം സന്പുഷ്ടീകരിക്കാം.
ആണ്വായുധ നിർമാണത്തിനു സന്പുഷ്ട യുറേനിയമാണ് ഉപയോഗിക്കുന്നത്. നാല് ശതമാനം വരെ മാത്രമേ നിലവിൽ ഇറാൻ യുറേനിയം സന്പുഷ്ടീകരിക്കുന്നുള്ളൂ. അരാക്ക് ആണവ റിയാക്ടർ യുറേനിയം സന്പുഷ്ടീകരണത്തിനായി പുതുക്കി നിർമിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഇസ്രേലി തുറമുഖം ആക്രമിക്കണമെന്ന് ഇറേനിയൻ പത്രം
ടെഹ്റാൻ: ഇറേനിയൻ ആണവശാസ്ത്രജ്ഞന്‍ മൊഹ്സെൻ ഫഖ്രിസാദേഹിന്റെ മരണത്തിൽ ഇസ്രയേലിനു പങ്കുണ്ടെങ്കിൽ ഇസ്രേലി തുറമുഖമായ ഹൈഫയിൽ ആക്രമണം നടത്തണമെന്ന് ഇറേനിയൻ പത്രം.
കയ്ഹാൻ പത്രത്തിലെ ലേഖനത്തിലാണ് ഇസ്രയേലിനെ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. അബ്സാർഡ് പട്ടണത്തിൽവച്ചാണ് സായുധസംഘം ഫഖ്രിസാദേഹിനെ വധിച്ചത്. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചു.