ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പൂർണമായി നീക്കി
Sunday, January 10, 2021 12:03 AM IST
വാഷിംഗ്ടൺ: കലാപത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകൾ നടത്തിയതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ@realDonald Trumpഎന്ന ട്വിറ്റർ അക്കൗണ്ട് സന്പൂർണമായി നീക്കി കലിഫോർണിയൻ കന്പനി. ഭരണഘടനാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ അഞ്ചുപേരാണു മരിച്ചത്. ഇതിനുപിന്നാലെ ട്രംപിന്റെ അക്കൗണ്ട് 12 മണിക്കൂർ സസ്പെൻഡ് ചെയ്യുന്നതായി കന്പനി അറിയിച്ചിരുന്നു.
തന്റെ പിൻഗാമിയായ ജോ ബൈഡന്റെ, ജനുവരി 20നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നു ട്രംപ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. പ്രസ്താവനയുടെ സ്വഭാവവും സന്ദർഭവും കണക്കിലെടുത്ത് അവ ജനം എങ്ങനെ സ്വീകരിക്കുന്നു എന്നതും കണക്കിലെടുത്തശേഷമാണ് തീരുമാനമെന്ന് ട്വിറ്റർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ട്വിറ്ററിൽ 51 പേരെ ഫോളോ ചെയ്യുന്ന ട്രംപിന് 88.7 മില്യൺ ഫോളോവേഴ്സാണുള്ളത്.
ട്രംപിന്റെ ഫേസ്ബുക് അക്കൗണ്ടും ഇൻസ്റ്റഗ്രാം അക്കൗണ്ടും നീക്കിയിട്ടുണ്ട്. നേരത്തേ ട്രംപിന്റെ പല വീഡിയോകളും യുട്യൂബ് നീക്കിയിരുന്നു. അനുയായികളെ അഭിസംബോധന ചെയ്യുന്ന വീഡിയോകളാണ് ഇവയിൽ പലതും. കലാപത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ എഫ്ബിഐ ശേഖരിച്ചുവരികയാണ്.
എന്നെ നിശബ്ദനാക്കാൻ ആർക്കും ആവില്ല: ട്രംപ്
വാഷിംഗ്ടൺ: തന്നെയോ അനുനായികളെയോ നിശബ്ദരാക്കാമെന്നു വ്യാമോഹിക്കേണ്ടെന്നു ഡോണൾഡ് ട്രംപ്. തന്റെ ട്വിറ്റർ അക്കൗ ണ്ട് നീക്കം ചെയ്തതിനു പിന്നാലെ @POTUS എന്ന സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. എനിക്കറിയാമായിരുന്നു ഇതു സംഭവിക്കുമെന്ന്, നിരവധി സോഷ്യൽ മീഡിയ കന്പനികളുമായി ചർച്ചകൾ നടന്നുവരുന്നു. സമീപഭാവിയിൽ നമ്മുടേതുമാത്രമായ ഒരു പ്രചാരണവേദിക്കായി കാത്തിരിക്കാം. ഉടൻ പ്രഖ്യാപനമുണ്ടാകും: ട്രംപ് പറഞ്ഞു.
" ഫ്രീ സ്പീച്ച് ' ആപ് നീക്കി
വാഷിംഗ്ടൺ: സോഷ്യൽമീഡിയ ആപ്പായ ഫ്രീ സ്പീച്ച് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നു നീക്കി. കാപ്പിറ്റോൾ ഹില്ലിനു സമീപം ട്രംപ് അനുകൂലികൾ എത്തിയതിനു പിന്നിലും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകൾ കൈമാറ്റം ചെയ്തതിലും ഫ്രീ സ്പീച്ച് ആപ് ആയുധമാക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. പോസ്റ്റുകൾ നീക്കം ചെയ്യണമെന്നു ഗൂഗിൾ ആവശ്യപ്പെട്ടിരുന്നു.കന്പനി മറുപടി നല്കാത്ത തിനെത്തുടർന്നാണു നടപടി. ആപ്പിൾ കന്പനിയും തങ്ങളുടെ ആപ് സ്റ്റോറിൽനിന്ന് ഫ്രീ സ്പീച്ച് നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.