ബൈഡന്റെ ഏകതാ പ്രസംഗത്തിനു പിന്നിൽ വിനയ് റെഡ്ഢി
Friday, January 22, 2021 12:10 AM IST
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ജോ ബൈഡന്റെ ഏകതാ പ്രസംഗം തയാറാക്കിയത് ഇന്ത്യൻ വംശജൻ. തെലങ്കാനയിൽ കുടുംബവേരുകളുള്ള വിനയ് റെഡ്ഢിയാണു ബൈഡന്റെ പ്രസംഗം തയാറാക്കുന്ന സംഘത്തിന്റെ തലവൻ. ഒബാമ ഭരണകാലത്തു ബൈഡൻ വൈസ് പ്രസിഡന്റായിരിക്കവെ, 2013 മുതൽ 2017 വരെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തയാറാക്കിയിരുന്നതും വിനയ് ആയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണ കാലയളവിലും ബൈഡന്റെ പ്രസംഗങ്ങൾ തയാറാക്കിയതു വിനയ് നേതൃത്വം നൽകിയ സംഘമാണ്.
പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ബൈഡൻ നടത്തിയ ആദ്യ പ്രസംഗത്തിൽ ഏകതയെക്കുറിച്ച് നിരവധി തവണ പറഞ്ഞു. വെല്ലുവിളികൾ നേരിടുന്നതിനും അമേരിക്കയുടെ ശോഭനമായ ഭാവിക്കും വാക്കുകൾക്ക് അപ്പുറം ചിലത് ആവശ്യമാണ്. ജനാധിപത്യത്തിലെ ഏറ്റവും മർമപ്രധാനമായ സംഗതി ഐക്യമാണെ ന്ന് ബൈഡൻ പ്രസംഗത്തിൽ പറഞ്ഞു.
വിനയ് റെഡ്ഢിയുടെ പിതാവ് നാരായണ റെഡ്ഢി എംബിബിഎസ് പൂർത്തിയായശേഷം 1970ൽ കരിംനഗറിലെ പോതിറെഡ്ഢിപ്പേട്ടിൽനിന്നു യുഎസിലേക്കു കുടിയേറിയതാണ്. ഒഹായോയിലാണു വിനയ് ജനിച്ചത്. മയാമി യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദവും ഒഹായോ കോളജ് ഓഫ് ലോയിൽനിന്നു നിയമ ബിരുദവും നേടി. ബൈഡൻ-കമലാ സംഘത്തിൽ 20 ഇന്ത്യൻ വംശജർ സ്ഥാനം പിടിച്ചിട്ടുണ്ട്.