അർജന്റീനയുടെ മുൻ പ്രസിഡന്റ് കാർലോസ് മെനം അന്തരിച്ചു
Tuesday, February 16, 2021 12:09 AM IST
ബുവാനോസ്ആരിസ്: അർജന്റീനയുടെ മുൻ പ്രസിഡന്റ് കാർലോസ് മെനം (90) അന്തരിച്ചു. ഏറെക്കാലമായി അനാരോഗ്യം മൂലം വിഷമിച്ചിരുന്ന മുൻ പ്രസിഡന്റിന്റെ വിയോഗവാർത്ത പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് ട്വിറ്ററിലൂടെ പുറത്തുവിടുകയായിരുന്നു. മൂത്രത്തിലെ അണുബാധയെത്തുടർന്ന് രണ്ടുമാസം മുന്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1973 മുതൽ മൂന്നുവർഷവും തുടർന്ന് 1983 മുതൽ ആറ് വർഷവും ലാ റിയോജ പ്രവിശ്യയിലെ ഗവർണറായിരുന്നു. 1989 ലാണു പ്രസിഡന്റായി ചുമതലയേറ്റത്.
രാജ്യത്തിന്റെ സാന്പത്തിക മുന്നേറ്റങ്ങളുടെ അമരക്കാരനായി ആദ്യം അറിയപ്പെട്ടിരുന്ന കാർലോസ് മെനം പത്തുവർഷം നീണ്ട ഭരണത്തിനൊടുവിൽ അഴിമതിയുടെയും വിവാദങ്ങളുടെയും പേരിൽ തലതാഴ്ത്തിയാണ് അധികാരമൊഴിഞ്ഞത്. ഗൾഫിലേക്കും ബോസ്നിയയിലേക്കും സൈന്യത്തെ അയച്ചതും ക്രൊയേഷ്യ, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളുമായി ആയുധ ഇടപാട് നടത്തിയതും അദ്ദേഹത്തിന്റെ പ്രതിഛായയിൽ കരിനിഴൽ വീഴ്ത്തുകയായിരുന്നു.
മുൻ പ്രസിഡന്റിന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനായി രാജ്യത്ത് മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.