മ്യാൻമർ സൈന്യം നഗരങ്ങളിലേക്കു നീങ്ങുന്നതായി റിപ്പോർട്ട്
Friday, February 19, 2021 12:52 AM IST
യുണൈറ്റഡ് നേഷൻസ്: പട്ടാള അട്ടിമറി നടന്ന മ്യാൻമറിൽ അതിർത്തികളിൽനിന്ന് സൈന്യം നഗരങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ജനാധിപത്യവാദികൾ പട്ടാളഭരണകൂടത്തിനെതിരേ നടത്തുന്ന പ്രതിഷേധം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കമാണെന്നും വൻ രക്തച്ചൊരിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎൻ നിരീക്ഷകൻ ടോം ആൻഡ്രൂസ് അറിയിച്ചു.
മ്യാൻമറിൽ വൻ കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്നു ടോം ആൻഡ്രൂസ് കഴിഞ്ഞദിവസം യുഎൻ ഹെഡ്ക്വാർട്ടേഴ്സിനെ അറിയിച്ചിരുന്നു. റാഖിനിൽനിന്നു സൈന്യം നഗരങ്ങളിലേക്കു നീങ്ങിയിട്ടുണ്ട്. രോഹിഗ്യൻ പോരാട്ടമേഖലയാണു റാഖിൻ.
കൂടുതൽ സൈന്യത്തെ നഗരത്തിൽ എത്തിച്ചു പ്രതിഷേധം അടിച്ചമർത്തുകയാണു പട്ടാളത്തിന്റെ ലക്ഷ്യം. യാങ്കോൺ, മാൻഡലേയിൽ, തലസ്ഥാനമായ നായ്പിഡോ നഗരങ്ങളിൽ ജനാധിപത്യവാദികളുടെ പ്രതിഷേധം തുടരുകയാണ്. ഫെബ്രുവരി ഒന്നിന് ജനാധിപത്യ നേതാവ് ഓംഗ് സാൻ സൂചിയെയും പ്രസിഡന്റ് വിൻമിന്റെയും തടങ്കലിലാക്കി പട്ടാളം ഭരണം പിടിച്ചെടുക്കുകയായിരുന്നു.