രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയിൽ കാണാതായവർക്കായി അമേരിക്ക തെരച്ചിൽ തുടങ്ങി
Monday, May 31, 2021 12:06 AM IST
ന്യൂയോർക്ക്: രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയിൽ കാണാതായ 400 സൈനികർക്കായി യുഎസ് പ്രതിരോധ വകുപ്പ് ഇന്ത്യയിൽ അന്വേഷണം തുടങ്ങി. ഇതിനായി ഗുജറാത്തിലെ ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ സഹായം അമേരിക്ക തേടിയിരുന്നു.
വിയറ്റ്നാം യുദ്ധം, കൊറിയൻ യുദ്ധം, ശീതയുദ്ധം, രണ്ടാം ലോകമഹായുദ്ധങ്ങളിലായി അമേരിക്കയുടെ 81,800 പ്രതിരോധസേനാംഗങ്ങളെ കാണാതായിട്ടുണ്ട്. ഇവരിൽ പലരും യുദ്ധഭൂമിയിൽ മരിച്ചുവീണവരാണ്. ഇന്ത്യയിൽ 400 പേരുടെ മൃതശരീരങ്ങൾ അടക്കം ചെയ്തതു സംബന്ധിച്ച വിവരങ്ങളാണ് പ്രതിരോധവകുപ്പ് ശേഖരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് 1943ൽ മധ്യ പസിഫിക് സമുദ്രത്തിലെ ഗിൽബർട് ദ്വീപിൽവച്ചു കൊല്ലപ്പെട്ട മറൈൻ കോർപ്സ് റിസർവ് ഒന്നാം ബെറ്റാലിയൻ ലഫ്റ്റനന്റ് ജസ്റ്റിൻ ജെ. മിൽസിന്റെ (25) മൃതദേഹാവശിഷ്ടങ്ങൾ ബെടിയോ ദ്വീപിലെ ലിയോൺ പാം സെമിത്തേരിയിൽനിന്നു കണ്ടെടുത്ത് അമേരിക്കയിൽ മതാചാരപ്രകാരം സംസ്കരിച്ചിരുന്നു.