ബെന്നറ്റിനു ലഭിച്ചത് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷം
Monday, June 14, 2021 11:29 PM IST
ജറൂസലെം: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന് പാർലമെന്റായ ക്നെസത്തിൽ ലഭിച്ചത് ഒരു വോട്ടിന്റെ ഭൂരിപക്ഷം. ഭരണസഖ്യം 60 വോട്ട് നേടിയപ്പോൾ എതിരായി 59 വോട്ട് വീണു. ഞായറാഴ്ച രാത്രി പുതിയ സർക്കാർ അധികാരമേറ്റു.
ഭരണപക്ഷത്തെ ഒരംഗത്തെ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ പാർലമെന്റിൽ എത്തിക്കുകയായിരുന്നു. അറബ് പാർട്ടിയിലെ ഒരംഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. 12 വർഷം തുടർച്ചയായി ഇസ്രയേൽ ഭരിച്ച ബെന്യാമിൻ നെതന്യാഹുവിന്റെ പിൻഗാമിയായാണു ബെന്നറ്റ് പ്രധാനമന്ത്രിയായത്. രണ്ടു വർഷത്തിനുശേഷം യെഷ് അതിദ് പാർട്ടി നേതാവ് യയിർ ലാപിഡ് പ്രധാനമന്ത്രിയാകും. ഇപ്പോൾ വിദേശകാര്യ മന്ത്രിയാണ് ലാപിഡ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ലോകനേതാക്കൾ ബെന്നറ്റിനെ അഭിനന്ദനം അറിയിച്ചു.