ബ്രസീലിൽ കോവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞു
Monday, June 21, 2021 12:26 AM IST
ബ്രസീലിയ: ബ്രസീലിൽ കോവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞു. ലോകത്തെ രണ്ടാമത്തെ ഉയർന്ന സംഖ്യയാണിത്. ആളകലം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളെ പ്രസിഡന്റ് ഹെയർ ബൊൽസൊനാരോ തള്ളിക്കളയുന്പോഴാണു രാജ്യത്തു കോവിഡ് മരണം അഞ്ചുലക്ഷം പിന്നിടുന്നത്.
ശൈത്യകാലത്തിനു പുറമേ വാക്സിനേഷനിലെ മെല്ലെപ്പോക്കും കൂടിയാകുന്നതോടെ മരണനിരക്ക് ഇനിയും ഉയരുമെന്നാണു വിദഗ്ധരുടെ നിരീക്ഷണം. രാജ്യത്തെ 15 ശതമാനം മുതിർന്നവർക്കു മാത്രമാണ് ഇതുവരെ രണ്ടു ഡോസ് വാക്സിൻ നൽകിയിട്ടുള്ളത്. ഇതു നിർണായകമാകുമെന്നു ഫിയോക്രൂസ് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. സർക്കാർ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതു സംബന്ധിച്ച് കോണ്ഗ്രസ് അന്വേഷണം നടക്കുന്നുണ്ട്.
ബ്രസീലിലെ കോവിഡ് കേസുകളിലെയും മരണങ്ങളിലെയും വർധന ഉടൻ കുറയാൻ സാധ്യത കുറവാണെന്നു ക്വസ്റ്റ്യൻ ഓഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് ഡോ. നതാലിയ പാസ്റ്റർനക് ടാഷ്നർ ബിബിസിയോടു പ്രതികരിച്ചു. ബ്രസീലിലെ ജനങ്ങൾ മരണങ്ങളോടു പൊരുത്തപ്പെട്ടെന്നും ആളലകവും വാക്സിനേഷനും ഉൾപ്പെടെയുള്ള പ്രതിരോധപ്രവർത്തനങ്ങളോടു ജനങ്ങളെ സഹകരിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളോടു മുഖംതിരിക്കുന്ന പ്രസിഡന്റ് ബൊൽസൊനാരോയുടെ നിലപാട് നേരത്തെയും വിമർശനവിധേയമായിട്ടുണ്ട്. വാക്സിൻ, ലോക്ഡൗൺ, മാസ്ക് ധരിക്കൽ എന്നിവയെ പ്രസിഡന്റ് അനുകൂലിക്കുന്നില്ല എന്നതാണു പ്രധാന വിമർശനം.