ഫിലിപ്പീൻസിൽ സൈനിക വിമാനം തകർന്ന് 45 മരണം
Monday, July 5, 2021 12:46 AM IST
മനില: തെക്കൻ ഫിലിപ്പീൻസിലെ സുലു പ്രവിശ്യയിൽ വ്യോമസേനാ ട്രാൻസ്പോർട്ട് വിമാനം വിമാനത്താവളത്തിലിറങ്ങുന്നതിനിടെ തകർന്ന് തീപിടിച്ച് പൊട്ടിത്തെറിച്ച് 42 സൈനികർ ഉൾപ്പെടെ 45 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു പേർ പ്രദേശവാസികളാണ്. 49 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. അബു സയ്യാഫ് ഭീകരരുടെ ശക്തികേന്ദ്രമായ സുലുവിൽ വിന്യസിക്കാനായി നിയോഗിക്കപ്പെട്ട സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.
മൂന്നു പൈലറ്റുമാർ അടക്കം 96 പേരുണ്ടായിരുന്ന അമേരിക്കൻ നിർമിത സി-130 ഹെർക്കുലീസ് വിമാനം ഇന്നലെ ഉച്ചയ്ക്ക് മലയോര പട്ടണമായ ജോലോയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്പോഴായിരുന്നു തകർന്നത്. ഏതാനും സൈനികർ വിമാനത്തിൽനിന്നു ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ രക്ഷപ്പെടുത്തി.
അമേരിക്കൻ വ്യോമസേനയുടെ ഭാഗമായിരുന്ന, ലോക്ക് ഹീഡ് കന്പനി നിർമിച്ച വിമാനം സൈനിക സഹായത്തിന്റെ പേരിൽ ഫിലിപ്പീൻസിനു കൈമാറിയതാണ്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ ഫിലിപ്പീൻസിലെ മറ്റിടങ്ങളിൽ മഴയുണ്ടായിരുന്നെങ്കിലും സുലുവിൽ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. ഈ വിമാനത്താവളത്തിലെ റൺവേയ്ക്കു നീളം കുറവാണ്. നിയന്ത്രണം നഷ്ടമായ വിമാനം റൺവേയിൽനിന്നു തെന്നി വിമാനത്താവള വളപ്പിൽ തകരുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വിമാനത്തിന്റെ വാൽഭാഗം ഒഴിച്ചുള്ള എല്ലാം തകർന്നു. വിമാനത്താവള പരിസരത്തുള്ള നാലു ഗ്രാമീണർക്കും പരിക്കേറ്റു.
അബു സയ്യാഫ് തീവ്രവാദികളുമായി പോരാട്ടം നടക്കുന്ന മേഖലയ്ക്ക് ഏതാനും കിലോമീറ്ററുകൾ അകലത്തിലാണ് വിമാനത്താവളം. എന്നാൽ, ശത്രുക്കളുടെ വെടിയേറ്റല്ല വിമാനം തകർന്നതെന്നാണു പ്രാഥമിക നിഗമനമെന്നു സൈന്യം പറഞ്ഞു.