തടവുകാരെ വിട്ടയച്ചാൽ വെടിനിർത്താമെന്നു താലിബാൻ
Thursday, July 15, 2021 11:42 PM IST
കാബൂൾ: അഫ്ഗാൻ ജയിലുകളിലുള്ള ഏഴായിരം താലിബാൻകാരെ വിട്ടയയ്ക്കാമെങ്കിൽ മൂന്നു മാസത്തെ വെടിനിർത്തലിനു തയാറാണെന്നു താലിബാൻ നേതൃത്വം. താലിബാനുമായി ചർച്ച നടത്തുന്ന അഫ്ഗാൻ സർക്കാർ പ്രതിനിധി സംഘത്തിലെ നാദർ നാദേരിയാണ് ഇക്കാര്യം അറിയിച്ചത്.
ഐക്യരാഷ്ട്രസഭയുടെ കരിന്പട്ടികയിൽനിന്നു തങ്ങളുടെ നേതാക്കളുടെ പേരുകൾ നീക്കം ചെയ്യണമെന്നും താലിബാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാൻ സർക്കാരിന്റെ പ്രതികരണം വന്നിട്ടില്ല.
യുഎസ് -നാറ്റോ സേനകൾ മടങ്ങുന്ന സാഹചര്യത്തിൽ താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയാണ്. രാജ്യത്തിന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ അധീനതയിലാണെന്ന് അവർ അവകാശപ്പെടുന്നു. ഇറാൻ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, പാക്കിസ്ഥാൻ രാജ്യങ്ങളുമായുള്ള അതിർത്തിപോസ്റ്റുകൾ താലിബാന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനിടെ 193 താലിബാൻ ഭീകരരെ വധിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗസ്നി, കുനാർ, നംഗാർഹർ, സാബുൾ, ഹെരാത്, നിമ്രുസ്, കുണ്ടൂസ് മുതലായ പ്രവിശ്യകളിലാണ് ഏറ്റുമുട്ടൽ നടന്നത്.
താലിബാൻ ഭീകരർ പാക് അതിർത്തിയിലെ സ്പിൻ ബാൾഡാക് പോസ്റ്റ് പിടിച്ചെടുത്തതു കഴിഞ്ഞദിവസമാണ്. ഇതേത്തുടർന്ന് പാക്കിസ്ഥാൻ അതിർത്തി റോഡ് അടച്ചു. ഇന്നലെ ഈ പോസ്റ്റിലൂടെ അഫ്ഗാനിസ്ഥാനിലേക്കു പോകാൻ ശ്രമിച്ച് പാക് ഭാഗത്തുള്ളവർ ബഹളമുണ്ടാക്കി. കണ്ണീർവാതകം പ്രയോഗിച്ചാണു ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. അതിർത്തി തുറക്കാൻ പാക് നേതൃത്വവുമായി ചർച്ച നടത്തുന്നതായി താലിബാൻ അറിയിച്ചു.