പ്രധാനമന്ത്രിയാകാനില്ലെന്നു ഹരീരി; ലബനനിൽ വീണ്ടും പ്രതിസന്ധി
Saturday, July 17, 2021 12:18 AM IST
ബെയ്റൂട്ട്: പ്രധാനമന്ത്രിപദം ഏറ്റെടുക്കാനില്ലെന്ന് സാദ് ഹരീരി പ്രഖ്യാപിച്ചതോടെ ലബനനിൽ വീണ്ടും കടുത്ത രാഷ്ട്രീയ പ്രതിസന്ധി.
സാന്പത്തികപ്രതിസന്ധി, തൊഴിലില്ലായ്മ, ദാരിദ്ര്യം മുതലായവയാൽ നട്ടംതിരിയുന്ന ലബനന്റെ അവസ്ഥ ഇതോടെ കൂടുതൽ പരിതാപകരമായി.
ഇരുനൂറിലധികം പേർ കൊല്ലപ്പെട്ട ബെയ്റൂട്ട് സ്ഫോടനത്തിനു പിന്നാലെ പ്രധാനമന്ത്രി ഹസൻ ദിയാബ് രാജിവച്ച ഒഴിവിലേക്കു പാർലമെന്റ് ഒന്പതു മാസം മുന്പ് ഹരീരിയെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രിസഡന്റ് മിച്ചൽ ഔണുമായി ഒത്തുതീർപ്പിലെത്താൻ കഴിയാതിരുന്ന ഹരീരി തീരുമാനം മാറ്റുകയായിരുന്നു.
ഒന്പതു മാസമായി സർക്കാർ ഇല്ലാത്ത രാജ്യം ഇതോടെ കൂടുതൽ അനിശ്ചിതത്വത്തിലായി. ഒന്നര നൂറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ സാന്പത്തികപ്രതിസന്ധിയാണു ലബനൻ നേരിടുന്നതെന്നു ലോകബാങ്ക് വിലയിരുത്തുന്നു.