ചൈനയിൽ പ്രളയം; 25 മരണം
Thursday, July 22, 2021 12:44 AM IST
ബെയ്ജിംഗ്: സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ പേമാരിയെത്തുടർന്നുണ്ടായ പ്രളയത്തിൽ 25 പേർ മരിച്ചു. പ്രവിശ്യാ തലസ്ഥാനമായ ഷെംഗ്ഷൗവിൽ ഭൂഗർഭ റെയിൽവേ തുരങ്കത്തിൽ വെള്ളം കയറിയാണ് 12 മരണങ്ങൾ.
പ്രവിശ്യയിലെ 12 നഗരങ്ങളിലായി മണ്ണിടിച്ചിൽ അടക്കമുള്ള ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നദികൾ നിറഞ്ഞത് അണക്കെട്ടുകൾക്കു ഭീഷണി ഉയർത്തുന്നുണ്ട്. രണ്ടു ലക്ഷം പേരെ ഒഴിപ്പിച്ചുമാറ്റി. രക്ഷാപ്രവർത്തനത്തിനു പട്ടാളത്തെ വിന്യസിച്ചു.
ഹെനാനിൽ ശനിയാഴ്ച മുതൽ ശക്തമായി മഴപെയ്യുന്നു. മഞ്ഞ നദീതീരത്തോടു ചേർന്നുള്ള ഷെംഗ്ഷൗ നഗരത്തിൽ ചൊവ്വാഴ്ച 62.4 സെന്റിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്; ഇതിന്റെ മുക്കാലും ഒരു മണിക്കൂറിനിടെയാണു പെയ്തത്. ഇതേത്തുടർന്ന് നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ സംവിധാനങ്ങൾ തകർന്നതാണു ഭൂഗർഭ റെയിൽവേ തുരങ്കത്തിൽ വെള്ളം കയറാൻ കാരണം.
ട്രെയിനുകളിലടക്കം വെള്ളം കയറി. നെഞ്ചോളം ഉയർന്ന വെള്ളത്തിൽ ട്രെയിനിനുള്ളിൽ നിൽക്കുന്ന യാത്രക്കാരുടെ ചിത്രങ്ങൾ പുറത്തുവന്നു. അഞ്ഞൂറോളം പേരെയാണു തുരങ്കത്തിൽനിന്നു രക്ഷപ്പെടുത്തിയത്. നഗരത്തിലെ തെരുവുകളിൽ ആളുകൾ കഴുത്തറ്റം വെള്ളത്തിൽ നിൽക്കുന്നതും വാഹനങ്ങൾ ഒലിച്ചുപോകുന്നതും കണ്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
ഷെംഗ്ഷൗവിൽ വെള്ളത്തിനടിയിലായ നഴ്സറിയിൽനിന്ന് കുട്ടികളെ രക്ഷപ്പെടുത്തി. നഗരത്തിലെ ഒരാശുപത്രിയിൽ വൈദ്യുതി ഇല്ലാതായതിനെ തുടർന്ന് 600 രോഗികളെ മറ്റിടങ്ങളിലേക്കു മാറ്റി. ലുവോയാംഗ് നഗരത്തിൽ ദുർബലമായ അണക്കെട്ട് തകർച്ചയുടെ വക്കിലാണെന്നു റിപ്പോർട്ടുണ്ട്.
ഹെനാനിൽ ജീവനും വസ്തുക്കൾക്കും വ്യാപകമായി നാശം സംഭവിച്ചതായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞു.