മ്യാൻമറിൽ രണ്ടു വർഷത്തിനുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ്
Monday, August 2, 2021 12:35 AM IST
നായ്പിഡോ: സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ രണ്ടു വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സൈനിക മേധാവി അറിയിച്ചു. രാജ്യത്ത് സ്വതന്ത്രവും സുതാര്യവുമായ പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ സീനിയർ ജനറൽ മിൻ ഓംഗ് ഹാലിംഗ് പറഞ്ഞു.
2023 ഓഗസ്റ്റോടെ രാജ്യത്തെ അടിയന്തരാവസ്ഥ പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് 2021 ഫെബ്രുവരി ഒന്നിനാണു സൈന്യം ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞവർഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ സൂചിയുടെ പാർട്ടി വൻ അഴിമതി നടത്തിയെന്നാരോപിച്ചാണു പട്ടാളം ഭരണം പിടിച്ചത്.
തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസം ഔദ്യോഗികമായി റദ്ദാക്കിയ സൈനികഭരണകൂടം, പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിച്ചിട്ടുണ്ട്. മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചതിനെത്തുടർന്ന് ജനാധിപത്യവാദികളുടെ നേതൃത്വത്തിൽ രാജ്യത്ത് വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഇന്നലെ വരെ പ്രതിഷേധത്തിൽ 939 പേർക്കു ജീവൻ നഷ്ടപ്പെട്ടതായി സ്വതന്ത്ര സംഘടന അറിയിച്ചു.