കോവിഡ് പടർത്തിയ യുവാവിന് വിയറ്റ്നാമിൽ അഞ്ചു വർഷം തടവ്
Wednesday, September 8, 2021 12:19 AM IST
നോംപെൻ: വിയറ്റ്നാമിൽ കോവിഡ് പടർത്തിയ ഇരുപത്തെട്ടുകാരനു കോടതി അഞ്ചു വർഷത്തെ തടവുശിക്ഷ വിധിച്ചു. ഹോചിമിൻ സിറ്റി സ്വദേശി ലെ വാൻ ട്രിയിൽനിന്ന് എട്ടു പേർക്കു രോഗം പടർന്നു. ഇതിൽ ഒരാൾ മരണപ്പെട്ടു.
ജൂലൈ ആദ്യം ഇയാൾ ഹോചിമിൻ സിറ്റിയിൽനിന്നു കാമാവു പ്രവിശ്യയിലെ കുടുംബവീട്ടിലേക്കു മോട്ടോർസൈക്കിളിൽ യാത്ര ചെയ്തിരുന്നു. ഇവിടെയുള്ള അധികൃതരോട് യാത്രക്കാര്യം മറച്ചുവയ്ക്കുകയും ഐസൊലേഷനിൽ പ്രവേശിക്കാതിരിക്കുകയും ചെയ്തു. പിന്നീട് കോവിഡ് സ്ഥിരീകരിച്ച ഇയാ ളിൽനിന്നു കുടുംബാംഗങ്ങൾക്ക് അടക്കം രോഗം പടർന്നു.
ഒരു ദിവസത്തെ വിചാരണയ്ക്കുശേഷമാണു കോടതി ശിക്ഷ വിധിച്ചത്. 880 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്.
കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ചിരുന്ന രാജ്യമാണു വിയറ്റ്നാം. ഡെൽറ്റ വൈറസ് എത്തിപ്പെട്ടതോടെ ഇവിടെ രോഗവ്യാപനവും മരണവും വളരെ വർധിച്ചു.