നോർവേയിൽ ലേബർ പാർട്ടിക്കു വിജയം
Tuesday, September 14, 2021 11:48 PM IST
ഓസ്ലോ: നോർവേ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 26.4 ശതമാനം വോട്ട് നേടി നോർവീജിയൻ ലേബർ പാർട്ടി ഭരണം ഉറപ്പിച്ചു. നിലവിലെ പ്രസിഡന്റ് എർന സോൽബെർഗിന്റെ കൺസേർവേറ്റീവ് പാർട്ടിക്ക് 20.5 ശതമാനം വോട്ട് മാത്രമാണു നേടിയത്.
തിങ്കളാഴ്ചയാണു തെരഞ്ഞെടുപ്പ് നടന്നത്. റഷ്യയുമായി കൂടുതൽ സഹകരണം വേണമെന്നാണ് ലേബർ പാർട്ടിയുടെ നിലപാട്. ലേബർ പാർട്ടി നേതാവ് ജോനാസ് ഗർ സ്റ്റോറെയുടെ നേതൃത്വത്തിലാകും അടുത്ത സർക്കാർ രൂപവത്കരിക്കുക.
സർക്കാർ രൂപവത്കരണത്തിന് ചർച്ചകൾ ആരംഭിച്ചു. 169 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിനു വേണ്ടത് 85 സീറ്റാണ്. 97.5 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ലേബർ പാർട്ടിയും നാലു സഖ്യകക്ഷികളും നൂറോളം സീറ്റുകളിൽ വിജയിച്ചു.