ഇറാന്റെ ആദ്യ പ്രസിഡന്റ് ബാനിസദർ അന്തരിച്ചു
Saturday, October 9, 2021 11:58 PM IST
പാരീസ്: ഇറാനിലെ ആദ്യ പ്രസിഡന്റ് അബുൾഹസ്സൻ ബാനിസദർ(88) പാരീസിലെ ആശുപത്രിയിൽ അന്തരിച്ചതായി ഇർന ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു പിന്നാലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാനിസദറിന്റെ ഭരണകൂടത്തിന് ഒരു വർഷത്തെ ആയുസേ ഉണ്ടായിരുന്നുള്ളൂ.
ജനാധിപത്യ പരിഷ്കരണങ്ങളുടെ പേരിൽ യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിർപ്പു നേരിടേണ്ടിവന്ന ബാനിസദറിനെ പാർലമെന്റ് അയോഗ്യനാക്കി. തുടർന്ന് ഫ്രാൻസിലേക്ക് രക്ഷപ്പെട്ട അദ്ദേഹം അവിടെ അഭയം സ്വീകരിച്ചു ജീവിക്കുകയായിരുന്നു.
അടിയുറച്ച വിശ്വാസിയും പരിഷ്കരണവാദിയുമായിരുന്ന ബാനിസദറിനെ, അന്തരിച്ച പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയുടെ ആത്മീയപുത്രനെന്നാണു വിശേഷിപ്പിച്ചിരുന്നത്. ഷാ രാജഭരണത്തിനെതിരേയുള്ള പോരാട്ടങ്ങൾക്കു നേതൃത്വം നല്കിയിരുന്നു. പ്രവാസത്തിൽ കഴിഞ്ഞ ഖമേനിയെ ഫ്രാൻസിൽനിന്ന് 1979ൽ കൊണ്ടുവന്ന വിമാനത്തിൽ ബാനിസദറും ഉണ്ടായിരുന്നു.
വിപ്ലവത്തിനു പിറ്റേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും യാഥാസ്ഥിതിക വിഭാഗത്തിന്റെ അപ്രീതി നേടിയ ബാനിസദറിനെ ഖമേനിയും കയ്യൊഴിഞ്ഞതോടെയാണ് അദ്ദേഹത്തിനു നാടുവിടേണ്ടിവന്നത്.