കാണ്ഡഹാർ ചാവേർ ആക്രമണം: മരണം 62
Saturday, October 16, 2021 10:22 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഷിയാ വിഭാഗക്കാരുടെ മോസ്കിനു നേരേ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസിന്റെ പ്രാദേശികരൂപമായ ഐഎസ് ഖൊറോസാൻ (ഐഎസ്-കെ) ഏറ്റെടുത്തു.
കാണ്ഡഹാറിലെ ഇമാം ബർഗ മേഖലയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയുണ്ടായ ഇരട്ടസ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 75 പേർ പരിക്കുകളോടെ ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണ്.
ഇരട്ട ചാവേർ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്ന് സമൂഹമാധ്യമമായ ടെലഗ്രാമിൽ പരസ്യമാക്കിയ പ്രസ്താവനയിലൂടെ ഐഎസ്-കെ വ്യക്തമാക്കുകയായിരുന്നു. അനസ് അൽ ഖുറാസാനി, അബു അലി അലി ബോലോചി എന്നിവരാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞയാഴ്ച കുണ്ടുസിലെ ഷിയാ മോസ്കിൽ നടന്ന ചാവേർ ആക്രമണത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. അത്രയും ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഐഎസ്-കെ ഏറ്റെടുത്തിരുന്നു.