കർദിനാൾ തിസരാങ്ങിന് ഇസ്രയേലി മരണാനന്തര ബഹുമതി
Monday, October 25, 2021 12:40 AM IST
ജറൂസലെം: കർദിനാൾ സംഘത്തിന്റെ ഡീൻ, പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫെക്ട്, പൊന്റിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഫ്രഞ്ച് കർദിനാൾ എവുജിൻ തിസരാങ്ങിന് ജറുസലെമിലെ ‘യാദ് വഷേം’ ഹോളോകോസ്റ്റ് മ്യൂസിയം ‘ജനതകളിൽനിന്നുള്ള നീതിമാൻ’എന്ന ബഹുമതി നൽകി.
കർദിനാൾ പദവിയിലിരുന്നുകൊണ്ടു നിരവധി യഹൂദരെ രക്ഷിക്കാനും നാടുവിടുന്നതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യാനും അദ്ദേഹം തയാറായതായി യാദ് വഷേം അധികൃതർ വ്യക്തമാക്കി. നിരവധി യഹൂദരെ റോമിലെ വിവിധ ആശ്രമങ്ങളിൽ അദ്ദേഹം രഹസ്യമായി പാർപ്പിക്കുകയുണ്ടായി. ഇറ്റാലിയൻ ഭരണകൂടത്തിന്റെ യഹൂദവിരുദ്ധ നയങ്ങളെ കർദിനാൾ പരസ്യമായി ചോദ്യംചെയ്യാനും തയാറായി.
ബഹുഭാഷാ വിദഗ്ധനും ചരിത്രപണ്ഡിതനുമായ കർദിനാൾ തിസരാങ്ങ് 1953ൽ കേരളം സന്ദർശിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ പൗരസ്ത്യ ക്രൈസ്തവരുടെ കഥ’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം വളരെ പ്രസിദ്ധമാണ്.
1957 മുതൽ 1971 വരെ വത്തിക്കാൻ ലൈബ്രേറിയനും ആർക്കിവിസ്റ്റുമായിരുന്ന അദ്ദേഹമാണ് വത്തിക്കാൻ ലൈബ്രറിയുടെ ആധുനികീകരണത്തിനു നേതൃത്വം വഹിച്ചത്. 1961ൽ ഫ്രഞ്ച് അക്കാദമിയിലെ അംഗത്വം ലഭിച്ച അദ്ദേഹത്തിന് നിരവധി സർവകലാശാലകളിൽനിന്ന് ഡോക്ടർ ബിരുദങ്ങളും ലഭിച്ചിട്ടുണ്ട്. 1936ൽ കർദിനാളായി. 1884ൽ ഫ്രാൻസിൽ ജനിച്ച അദ്ദേഹം റോമിനടുത്ത് അൽബാനോയിൽവച്ച് 1972ൽ ദിവംഗതനായി.