ഇറാക്കിൽ യെസീദി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ജർമൻ യുവതിക്ക് 10 വർഷം തടവ്
Monday, October 25, 2021 11:36 PM IST
മ്യൂണിച്ച്: ഇറാക്കിൽ അടിമയായി വാങ്ങിയ യെസീദി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ മതംമാറി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന ജർമൻ യുവതിക്ക് 10 വർഷം തടവ്. മ്യൂണിച്ചിലെ കോടതിയാണു ജെന്നിഫർ വെനിഷ് എന്ന യുവതിക്കു ശിക്ഷ വിധിച്ചത്. മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റമാണ് ഇവർ ചെയ്തതെന്നു കോടതി നിരീക്ഷിച്ചു.
2015ൽ ഫല്ലുജയിലാണ് ദന്പതികൾ പൊരിവെയിലത്ത് ചങ്ങലയ്ക്കിട്ട അഞ്ചു വയസുകാരി മരിക്കുന്നത്. 2016ൽ തുർക്കിയിൽ അറസ്റ്റിലായ ജെന്നിഫറിനെ ജർമനിക്കു കൈമാറി.
വിചാരണക്കോടതിയിൽ കുറ്റം നിഷേധിച്ച ജെന്നിഫർ, യെസീദിയായ കുഞ്ഞിന്റെ അമ്മ നോറയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കുഞ്ഞ് മരിച്ചതിനു തെളിവില്ലെന്നും വാദിച്ചു. ജെന്നിഫറിന്റെ ഭർത്താവും ഭീകരനുമായ താഹ അൽ ജുമൈലി ഫ്രാങ്ക്ഫർട്ടിൽ വിചാരണ നേരിടുകയാണ്. അടുത്ത മാസം ഇയാൾക്കെതിരായ കേസിൽ വിധിയുണ്ടാകും.
യെസീദി സമൂഹത്തിനെതിരായ ഐഎസ് ക്രൂരതയിൽ വിചാരണയുണ്ടാകുന്ന ആദ്യ കേസുകളിലൊന്നാണിത്. വടക്കൻ ഇറാക്കിലെ കുർദിഷ് സമൂഹമായ യെസീദികളെ ഐഎസ് വംശഹത്യ ചെയ്യുകയായിരുന്നു.