കാനഡയിൽ കൊടുങ്കാറ്റ്, പേമാരി; കനത്ത നാശം
Thursday, November 18, 2021 12:53 AM IST
വാൻകൂവർ: പടിഞ്ഞാറൻ കാനഡയിൽ തിങ്കളാഴ്ചയുണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും കനത്ത നാശം. വാൻകൂവർ നഗരം ഉൾപ്പെടുന്ന ബ്രിട്ടീഷ് കൊളംബിയയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി. മിന്നൽപ്രളയത്തിൽ വാൻകൂവറിലേക്കുള്ള റോഡ്, റെയിൽ പാതകൾ തടസപ്പെട്ടു.
വാൻകൂവറിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള ലില്ലൂട്ട് നഗരത്തിലെ ഹൈവേയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു സ്ത്രീ മരിച്ചു. രണ്ടു പേരെ കാണാതായി. ഗതാഗതക്കുരുക്കിനിടെ സമീപത്തെ കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ആളുകൾ അലറിവിളിച്ച് വാഹനങ്ങളിൽനിന്നിറങ്ങിയോടി. എത്ര വാഹനങ്ങൾ മണ്ണിനടിയിലുണ്ടെന്നതിൽ വ്യക്തതയില്ല.
വാൻകൂവറിനെ കാനഡയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയും ബ്രിട്ടീഷ് കൊളംബിയയിലെ മറ്റു ഭാഗങ്ങളുമായി വാൻകൂവറിനെ ബന്ധിപ്പിക്കുന്ന ഹൈവേയും വെള്ളപ്പൊക്കത്തിൽ സ്തംഭിച്ചു. മെറിറ്റ് പട്ടണത്തിലെ ഏഴായിരം പേരെ ഒഴിപ്പിച്ചുമാറ്റിയിരുന്നു. മലയോരപട്ടണമായ ആഗാസിസിൽ കുടുങ്ങിയ മൂന്നൂറോളം പേരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ അയച്ചു.
വാൻകൂവർ തുറുമുഖത്തേക്കുള്ള റെയിൽ പാതകൾ തടസപ്പെട്ടത് രാജ്യമൊട്ടാകെ ഭക്ഷണ, ഇന്ധന വിതരണം തടസപ്പെടുത്തിയേക്കുമെന്ന ആശങ്കയുണ്ട്.