ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 27 അഭയാർഥികൾ മരിച്ചു
Thursday, November 25, 2021 11:39 PM IST
ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി ഗർഭിണിയും കുട്ടികളുമടക്കം 27 അഭയാർഥികൾ മരിച്ചു. നിരവധിപ്പേരെ കാണാതായി. ഫ്രഞ്ച് തുറമുഖമായ കാലെയിൽനിന്ന് ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ഇംഗ്ലണ്ടിലേക്കു കടക്കാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
ബ്രിട്ടൻ-ഫ്രാൻസ് രാജ്യങ്ങളെ വേർതിരിക്കുന്ന 560 കിലോമീറ്റർ നീളമുള്ള ഇംഗ്ലീഷ് ചാനലിൽ ബുധനാഴ്ച അഭയാർഥി ബോട്ട് മുങ്ങിയ സംഭവത്തിൽ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരി.
ഇംഗ്ലീഷ് ചാനലിലൂടെയുള്ള മനുഷ്യക്കടത്ത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണും പറഞ്ഞു.
മത്സ്യബന്ധന ബോട്ടിൽ ഇംഗ്ലീഷ് ചാനലിലൂടെ ബ്രിട്ടനിലേക്കു കടക്കാൻ ശ്രമിച്ച അഭയാർഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. അഭയാർഥി ബോട്ട് അപകടത്തിൽപ്പെട്ട വിവരം മത്സ്യബന്ധനത്തൊഴിലാളികളാണ് അറിയിച്ചത്. ഫ്രഞ്ച്, ബ്രിട്ടീഷ് സൈന്യവും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനം നടത്തി.
ഫ്രഞ്ച് പോലീസിനൊപ്പം ചാനലിൽ പട്രോളിംഗിനു ബ്രിട്ടീഷ് പോലീസിനെയും അതിർത്തി സൈന്യത്തെയും അനുവദിക്കണമെന്ന ആവശ്യം ഫ്രാൻസ് തള്ളിയിരുന്നതായി ബ്രിട്ടൻ ആരോപിച്ചു. എന്നാൽ, രാജ്യത്തേക്കു കുടിയേറുന്നതിനുള്ള നടപടികൾ ലഘൂകരിച്ച ബ്രിട്ടൻ അവസരം മുതലെടുക്കുകയാണെന്നു ഫ്രാൻസ് തിരിച്ചടിച്ചു.
അഫ്ഗാനിസ്ഥാൻ, സിറിയ, തുർക്കി, ഇറാഖ്, യെമൻ, ഈജിപ്ത്, സുഡാൻ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികളാണു ബ്രിട്ടനിലേക്ക് എത്തുന്നത്. ചാനൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പംതന്നെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുമെന്നു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു.