അഗ്നിപർവത സ്ഫോടനം; ടോംഗായിൽ മൂന്നു മരണം
Tuesday, January 18, 2022 11:56 PM IST
നുകു ആലോഫ: അഗ്നിപർവത സ്ഫോടനത്തിലും തുർന്നുള്ള സുനാമിയിലും ഒരു ബ്രിട്ടീഷ് പൗരൻ അടക്കം മൂന്നു പേർ മരിച്ചതായി ടോംഗാ രാജ്യം ഔദ്യോഗികമായി അറിയിച്ചു. ദ്വീപുകളുടെ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.
ശനിയാഴ്ചത്തെ ദുരന്തത്തെക്കുറിച്ച് ആദ്യമായാണു ടോംഗാ പ്രതികരിക്കുന്നത്. സമുദ്രത്തിനടിയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ടോംഗായെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന കേബിൾ നശിച്ചിരുന്നു. അഗ്നിപർവത സ്ഫോടനത്തെത്തുടർന്നുള്ള ചാരം മൂലം വിമാനങ്ങൾക്കു ടോംഗായോട് അടുക്കാനും കഴിഞ്ഞില്ല. അതിനാൽ ദുരന്തവ്യാപ്തി സംബന്ധിച്ച് പുറംലോകത്തിനു വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.
തലസ്ഥാനമായ നുകു അലോഫ ചാരത്തിൽ കുളിച്ചിരിക്കുകയാണെന്നു സാറ്റലൈറ്റ് ദൃശ്യങ്ങളിൽ വ്യക്തമായി. കുടിവെള്ളമടക്കമുള്ള സഹായവുമായി ന്യൂസിലൻഡ് വിമാനം അയച്ചെങ്കിലും വിമാനത്താവള റൺവേയിലെ ചാരംമൂലം ഇറങ്ങാൻ കഴിഞ്ഞില്ല. ചാരം നീക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.