ഇന്ധന പ്രതിസന്ധി: ശ്രീലങ്കയിൽ സർക്കാർ ഓഫീസുകൾ അടയ്ക്കുന്നു
Sunday, June 19, 2022 12:12 AM IST
കൊളംബോ: സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ഇന്ധനക്ഷാമം ശ്രീലങ്കയിൽ സർക്കാർ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവർത്തനത്തിനു തടസമാകുന്നു. സർക്കാർ ഓഫീസുകളും സ്കൂളുകളും തിങ്കളാഴ്ച മുതൽ അടച്ചിടാനാണു തീരുമാനം.
വൈദ്യുതിനിയന്ത്രണം മണിക്കൂറുകളോളം തുടരുന്നതിനാൽ തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസുകളിലേക്കു നീങ്ങാൻ കൊളംബോ നഗരപരിധിയിലെ സ്കൂളുകൾക്ക് വിദ്യാഭ്യാസമന്ത്രാലയവും നിർദേശം നൽകി.
പൊതുഗതാഗതസംവിധാനം പരിമിതപ്പെടുത്തുകയും സ്വകാര്യവാഹനങ്ങൾ ഓടിക്കാനാവാത്ത അവസ്ഥയും നിലനിൽക്കുന്നതിനാൽ ഓഫീസിലെത്തുന്ന ജീവനക്കാരുടെ എണ്ണം തിങ്കളാഴ്ച മുതൽ പരിമിതപ്പെടുത്താനാണ് പൊതുഭരണമന്ത്രാലയത്തിന്റെ തീരുമാനം. എന്നാൽ ആരോഗ്യമേഖലയിൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്നും നിർദേശമുണ്ട്. ഡീസൽസംഭരണം ക്ഷയിക്കുകയും സാന്പത്തിക പ്രതിസന്ധി മൂലം ഇറക്കുമതി അസാധ്യമാവുകയും ചെയ്തതാണ് ഊർജപ്രതിസന്ധിയുടെ അടിസ്ഥാനം. രാജ്യത്തെ വ്യവസായമേഖല ഇതിനകം കടുത്ത വെല്ലുവിളിയെ നേരിടുകയാണ്.