സിവറോഡൊണെറ്റ്സ്ക് നരകതുല്യം: യുക്രെയ്ൻ
Tuesday, June 21, 2022 12:00 AM IST
കീവ്: യുക്രെയ്ൻ പ്രതിരോധം തകർക്കാൻ ആക്രമണം കടുപ്പിച്ചു റഷ്യ. യുദ്ധം വർഷങ്ങൾ നീണ്ടേക്കാമെന്ന പ്രവചനങ്ങൾക്കിടെയാണു റഷ്യ സൈനിക നടപടി വർധിപ്പിക്കുന്നത്. യുക്രെയ്നിൽ ഭഷ്യ-ഇന്ധനക്ഷാമം രൂക്ഷമാണ്. ലുഹാൻസ്ക് മേഖല പിടിച്ചെടുക്കാൻ റഷ്യയും പ്രതിരോധിക്കാൻ യുക്രെയ്നും കടുത്ത ശ്രമങ്ങളാണു നടത്തുന്നത്.
ഗ്രാമങ്ങളിലാണ് ഇപ്പോൾ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രാദേശിക ഗവർണർ സെർഹി ഹെയ്ദൈ അറിയിച്ചു. ലുഹാൻസ്കിലെ സിവറോഡൊണെറ്റ്സ്കും ലിസിച്ചൻസ്കും പൂർണമായി നിയന്ത്രണത്തിലാക്കാൻ റഷ്യക്കു കഴിഞ്ഞിട്ടില്ല.
സിവറോഡൊണസ്റ്റക്കിന്റെ പ്രാന്തപ്രദേശങ്ങളിൽ റഷ്യ കനത്ത വ്യോമാക്രമണം നടത്തുന്നുണ്ട്. ഇവിടെ, അസോട്ട് കെമിക്കൽ പ്ലാന്റ് മാത്രമാണ് ഇപ്പോൾ യുക്രെയ്ൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. 500 സാധാരണക്കാരും നിരവധി സൈനികരും ഈ പ്ലാന്റിലുണ്ടെന്നാണു റിപ്പോർട്ട്. ഈ മേഖലയിലേക്കു റഷ്യ കൂടൂതൽ സൈന്യത്തെ നിയോഗിച്ചതായും ആയുധങ്ങൾ അയച്ചതായും ഹെയ്ദൈ വാർത്താ ഏജൻസിയോടു പറഞ്ഞു.
നരകതുല്യമാണ് സിവറോഡൊണെറ്റ്സ്കിന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും റഷ്യ ഒരു മണിക്കൂർ നേരത്തേക്കുപോലും ഷെല്ലിംഗ് നിർത്തുന്നില്ലെന്നും ഹെയ്ദെ പറഞ്ഞു. മുന്പ് ഒരു ലക്ഷത്തിലധികം ആളുകൾ അധിവസിച്ചിരുന്ന ഈ നഗരത്തിൽ ഇപ്പോൾ വളരെ കുറച്ചുപേർ മാത്രമാണു ശേഷിക്കുന്നത്. വൈദ്യുതി, വാർത്താവിനിമയം, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമല്ല.
വൻ സൈനിക പിൻബലമുണ്ടെങ്കിലും, റഷ്യ ആഗ്രഹിച്ച തരത്തിലല്ല യുദ്ധം മുന്നോട്ടുപോകുന്നതെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വാദിക്കുന്നു. റഷ്യൻ സൈനികർ ക്ഷീണിതരാണ്.
വ്യോമസേനയുടെ ശക്തമായ പിന്തുണ ലഭിക്കാത്തതിനാൽ പ്രതീക്ഷിച്ച മുന്നേറ്റം റഷ്യക്കു ലഭിക്കുന്നില്ലെന്നും പ്രതിരോധമന്ത്രാലയം രഹസ്യാന്വേഷണ വിവരങ്ങളെ ഉദ്ധരിച്ചു വ്യക്തമാക്കി.
ക്രിമിയയിൽ ആക്രമണം
റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ (റിഗ്) ‘ശത്രുക്കൾ’ ആക്രമണം നടത്തിയതായി, റഷ്യ നിയമിച്ച ഗവർണർ സെർഗെ അക്സ്യോനോവ് അറിയിച്ചു. ഇവിടെയുണ്ടായിരുന്ന 12 ജീവനക്കാരിൽ അഞ്ചുപേരെ രക്ഷപ്പെടുത്തിയെന്നും മൂന്നുപേർക്കു പരിക്കേറ്റെന്നും സെർഗെ പറഞ്ഞു.
ബാക്കി നാലുപേർക്ക് എന്തു സംഭവിച്ചെന്നു വ്യക്തമല്ല. എത്ര റിഗുകളെ ആക്രമണം ബാധിച്ചെന്നോ എന്തു തരം ഇന്ധനമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നതെന്നോ സെർഗെ വ്യക്തമാക്കിയില്ല. വിഷയത്തിൽ യുക്രെയ്ൻ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ൽ റഷ്യ യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത മേഖലയാണു ക്രിമിയ.