ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
Tuesday, June 21, 2022 11:51 PM IST
ടെൽ അവീവ്: ഇസ്രയേലിൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് നേതൃത്വം നല്കുന്ന ‘അസാധാരണ സഖ്യ’ സർക്കാരിനെ പിരിച്ചുവിടാനുള്ള ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പു നടത്താനാണു നീക്കം.
ഒക്ടോബറിലായിരിക്കും തെരഞ്ഞെടുപ്പെന്നു സൂചനയുണ്ട്. മൂന്നു വർഷത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പായിരിക്കുമിത്.
ഒരു വർഷം മുന്പു രൂപീകരിച്ച സഖ്യസർക്കാരിനെ പിരിച്ചുവിടാനുള്ള തീരുമാനം പ്രധാനമന്ത്രി നഫ്താലി ബെനറ്റ് കഴിഞ്ഞദിവസമാണു പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ യാമിന പാർട്ടിയിലെ കുറച്ചുപേർ വിമതരായതതോടെ സർക്കാരിനു ഭൂരിപക്ഷം നഷ്ടമായിരുന്നു.
ഇസ്രേലി രാഷ്ട്രീയത്തിലെ അതികായനും മുൻ പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന്റെ മടങ്ങിവരവിനു പുതിയ തെരഞ്ഞെടുപ്പ് വഴിവച്ചേക്കും. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ, കടുത്ത യഹൂദവികാരം പേറുന്നവരും പലസ്തീൻ അനുകൂലികളും അടക്കം വിവിധ ആശയങ്ങൾ പേറുന്ന എട്ടു കക്ഷികൾ നെതന്യാഹുവിനെ അധികാരത്തിൽനിന്നു പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നഫ്താലി ബെന്നറ്റുമായി ചേർന്ന് അസാധാരണ സഖ്യം രൂപീകരിക്കുകയായിരുന്നു.
ഇപ്പോൾ പ്രതിപക്ഷ നേതാവായ നെതന്യാഹു അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നുണ്ട്. അഴിമതിക്കേസുകളിൽ പ്രതികളായവർക്കു പ്രധാനമന്ത്രിപദം വിലക്കുന്ന നിയമം പാർലമെന്റ് പിരിച്ചുവിടുന്നതിനു മുന്പ് കൊണ്ടുവരണമെന്നു സഖ്യകക്ഷി സർക്കാരിലെ ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.