ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രിയുടെ രാജി തള്ളി മക്രോൺ
Tuesday, June 21, 2022 11:51 PM IST
പാരീസ്: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടി പരാജയം രുചിച്ചതോടെ ഫ്രാൻസിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജിതശ്രമത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഇന്നലെ രാവിലെ പ്രധാനമന്ത്രി എലിസബത്ത് ബോൺ രാജി സമർപ്പിച്ചുവെങ്കിലും മക്രോൺ നിരസിച്ചു. സർക്കാർ ഉത്തരവാദിത്വ നിർവഹണം തുടരുമെന്നാണ് എലീസി പാലസ് അറിയിച്ചത്.
577 അംഗ പാർലെന്റിൽ മക്രോണിന്റെ ലാ റിപ്പബ്ലിക്ക പാർട്ടിക്കു ഭൂരിപക്ഷത്തിനു 44 സീറ്റുകളുടെ കുറവുണ്ട്. മേയിൽ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ട മക്രോണിന്റെ സ്ഥിതി ഇതോടെ പരുങ്ങലിലായി. മറ്റു പാർട്ടികളുടെ പിന്തുണയോടെ ലാ റിപ്പബ്ലിക്ക പാർട്ടിക്കു സർക്കാർ രൂപീകരിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അദ്ദേഹം ഇന്നലെ വിവിധ കക്ഷി നേതാക്കളുമായി ആരംഭിച്ച ചർച്ച ഇന്നും തുടരും.
വലതുപക്ഷ ലെ റിപ്പബ്ലിക്കൻ പാർട്ടിയുമായി സഖ്യമുണ്ടാക്കാനാണു മക്രോണിന്റെ ശ്രമമെന്നു സൂചനയുണ്ട്. എന്നാൽ ഈ പാർട്ടിയുടെ നേതാവായ ക്രിസ്റ്റ്യൻ ജേക്കബ് വഴങ്ങുമോ എന്നതിൽ വ്യക്തതയില്ല. അദ്ദേഹം കഴിഞ്ഞദിവസം മക്രോണിനെ രൂക്ഷമായി വിമർശിക്കുകയുണ്ടായി.
തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന മരീൻ ലെ പെന്നിന്റെ നാഷണൽ റാലി പാർട്ടിയും ഷോൺ ലൂക് മെലങ്കൺ നേതൃത്വം നല്കുന്ന ഇടതുസഖ്യവും തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയെങ്കിലും മക്രോണുമായി സഹകരിക്കാൻ തയാറല്ല. സർക്കാർ രൂപീകരണ ചർച്ചയിൽ മെലങ്കൺ പങ്കെടുക്കുന്നുണ്ടെങ്കിലും ലെ പെൻ വിട്ടുനിൽക്കുകയാണ്.
പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ രാജി മക്രോൺ തള്ളിയത് സർക്കാർ രൂപീകരണ ചർച്ചയ്ക്കു സമയം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്നു വിലയിരുത്തലുണ്ട്. മേയ് മധ്യത്തിൽ മക്രോൺ രണ്ടാംവട്ടം തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് എലിസബത്തിന്റെ നേതൃത്വത്തിൽ പുതിയ സർക്കാരിനെ നിയമിച്ചത്.