യുക്രെയ്നിലെ 152 പൈതൃക കേന്ദ്രങ്ങൾ റഷ്യ നശിപ്പിച്ചു
Thursday, June 23, 2022 11:59 PM IST
ജനീവ: റഷ്യൻ സേനയുടെ ആക്രമണത്തിൽ യുക്രെയ്നിലെ 152 പൈതൃക കേന്ദ്രങ്ങൾ തകർന്നതായി ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിഭാഗമായ യുനെസ്കോ അറിയിച്ചു. പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ, മ്യൂസിയങ്ങൾ, ലൈബ്രറികൾ, സ്മാരകങ്ങൾ തുടങ്ങിയവയാണു നശിപ്പിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, സെന്റ് സോഫിയ കത്തീഡ്രൽ അടക്കം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഏഴു കേന്ദ്രങ്ങൾക്കു കുഴപ്പമില്ല.
കീവ്, ഖാർകീവ്, ഡോൺബാസ് മേഖലകളിലാണു കൂടുതൽ നാശം. പൈതൃകകേന്ദ്രങ്ങൾക്കു നേർക്കുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് യുനെസ്കോ ഡയറക്ടർ ഓഡ്രി അസുലെയ് ആവശ്യപ്പെട്ടു. മനപ്പൂർവം പൈതൃകകേന്ദ്രങ്ങൾ തകർത്തുവെന്നു കണ്ടെത്തിയാൽ റഷ്യൻ പട്ടാളക്കാർക്കെതിരേ വിചാരണനടപടികൾ ആരംഭിക്കുമെന്നു യുനസ്കോ മുന്നറിയിപ്പു നല്കി.