ഭൂകന്പം: അഫ്ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനം ദുഷ്കരം
Thursday, June 23, 2022 11:59 PM IST
കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഭൂകന്പബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ദുഷ്കരം. ആയിരം പേർ മരിച്ചു എന്നത് ഏകദേശ കണക്കു മാത്രമാണ്. പല സ്ഥലങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഏത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. അവശിഷ്ടങ്ങൾക്കടിയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നതിൽ വ്യക്തതയില്ല. മരണസംഖ്യ ഇനിയും ഉയരും എന്നതിൽ മാത്രമാണു തീർച്ച.
പക്തിക പ്രവിശ്യയിലെ ഗയാർ, ബർമാൽ ജില്ലകളാണു കൂടുതൽ ദുരന്തം. ഇവിടങ്ങളിലെ ഒട്ടുമിക്ക ഗ്രാമങ്ങളും മണ്ണിനടിയിലായി. മണ്ണുകൊണ്ടു നിർമിച്ച ഭവനങ്ങൾ തവിടുപൊടിയായി. ടവറുകൾ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നു.
ദുഷ്കരമായ ഭൂപ്രകൃതിയും കഴിഞ്ഞ ദിവസങ്ങളിലെ മഴയും മൂലം രക്ഷാപ്രവർത്തകർക്കു ദുരന്തഭൂമിയിൽ എത്തിച്ചേരാൻ കഴിയുന്നില്ല. കാണാതായവർക്കായി പ്രദേശവാസികൾ കൈകൊണ്ടു മണ്ണുകുഴിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
മരിച്ചവരിൽ ഒട്ടേറെ കുട്ടികൾ ഉൾപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഡോക്ടർമാർ അറിയിച്ചു. 1,500ലധികം പേർക്കു പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിൽനിന്നായി ആയിരത്തോളം പേരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങൾ സംസ്കരിക്കാനും തുടങ്ങിയിട്ടുണ്ട്.
ദുരന്തനിവാരണത്തിനായി താലിബാൻ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സഹായത്തിനു മുൻനിരയിലുണ്ട്.