തായ്ലൻഡിലെ നിശാക്ലബ്ബിൽ തീപിടിത്തം; 14 പേർക്കു ദാരുണാന്ത്യം
Sunday, August 7, 2022 12:34 AM IST
ചൊൻബുരി: തായ്ലൻഡിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. 40 പേർക്കു പരിക്കേറ്റു. ദക്ഷിണ-കിഴക്കൻ പ്രവിശ്യയായ ചൊൻബുരിയിലെ സത്താഹിപ്പ് ജില്ലയിലുള്ള മൗണ്ടൻ ബി നൈറ്റ്സ്പോട്ട് എന്ന ക്ലബ്ബിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രണ്ടു മണിക്കൂറെടുത്താണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. ക്ലബ്ബിന്റെ ഭിത്തിയിൽ തേച്ചിരുന്ന രാസവസ്തു തീ പടരാൻ കാരണമായെന്നു രക്ഷാപ്രവർത്തകർ അറിയിച്ചു.
ശരീരത്തിൽ തീയുമായി നിരവധി ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.