തീവ്രവാദി നേതാവിനെ വധിച്ചതായി ഇസ്രയേൽ
Wednesday, August 10, 2022 12:10 AM IST
ജറുസലെം: അധിനിവേശ വെസ്റ്റ്ബാങ്കിലെ നാബ്ളുസ് നഗരത്തിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രവാദി നേതാവ് ഇബ്രാഹിം അൽ നാബുൽസിയും മറ്റൊരു പലസ്തീൻ തീവ്രവാദിയും കൊല്ലപ്പെട്ടതായി ഇസ്രേലി സേന അറിയിച്ചു. അതേസമയം, ഇസ്രേലി സേനയുടെ ആക്രമണത്തിൽ മൂന്നു പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും 40 പേർക്കു പരിക്കേറ്റുവെന്നുമാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞത്.
ഗാസയിലെ ഇസ്ലാമിക് ജിഹാദ് തീവ്രവാദികളും ഇസ്രേലി സേനയും തമ്മിൽ മൂന്നുദിവസം നീണ്ട ഏറ്റുമുട്ടലിനുശേഷം വെടിനിർത്തൽ പ്രാബല്യത്തിലായതിന്റെ പിന്നേറ്റാണ് ഈ സംഭവം. ഈ വർഷമാദ്യം വെസ്റ്റ്ബാങ്കിൽ നടന്ന വെടിവയ്പിൽ പിടികിട്ടാപ്പുള്ളിയായ ഇബ്രാഹിം അൽ നാബുൽസിയെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡെന്ന് ഇസ്രേലി വൃത്തങ്ങൾ പറഞ്ഞു. സൈനികർക്കു നേർക്കു പലസ്തീനികൾ സ്ഫോടകവസ്തുക്കളും കല്ലുമെറിഞ്ഞു. പ്രത്യാക്രമണത്തിൽ പലസ്തീനികൾക്കു വെടിയേറ്റുവെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചെങ്കിലും അവരുടെ സ്ഥിതിയെക്കുറിച്ചു വിശദീകരിച്ചില്ല.