റഷ്യൻ ആക്രമണം: യുക്രെയ്നിലും മോൾഡോവയിലും വൈദ്യുതി ഇല്ലാതായി
Thursday, November 24, 2022 12:52 AM IST
കീവ്: യുക്രെയ്നിലുടനീളം വീണ്ടും റഷ്യൻ മിസൈൽ ആക്രമണം. പതിവുപോലെ ഊർജവിതരണ സംവിധാനങ്ങളെയാണു ലക്ഷ്യമിട്ടത്. തലസ്ഥാനമായ കീവിൽ മൂന്നുപേർ കൊല്ലപ്പെട്ടു.
പടിഞ്ഞാറൻ യുക്രെയ്നിലെ ലുവീവ് നഗരം പൂർണമായും ഇരുട്ടിലായി. യുക്രെയ്ന്റെ അയൽരാജ്യമായ മോൾഡോവയിലും വൈദ്യുതി ഇല്ലാതായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം മോൾഡോവയിൽ ആക്രമണം നടന്നിട്ടില്ല.
നവജാതശിശു കൊല്ലപ്പെട്ടു
റഷ്യൻ പട്ടാളം കഴിഞ്ഞദിവസം യുക്രെയ്നിലെ ആശുപത്രിയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ നവജാതശിശു മരിച്ചു.
സാപ്പോറിഷ്യ മേഖലയിലെ വിൽനിയാൻസ്ക് പട്ടണത്തിലെ ആശുപത്രിയിൽ പ്രസവവാർഡിലാണ് മിസൈൽ പതിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് അമ്മയെ രക്ഷപ്പെടുത്തി.
ഖാർഖീവ് മേഖലയിലെ കുപിയാൻസ്കിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ മറ്റു രണ്ടുപേർ കൂടി കൊല്ലപ്പെട്ടു.