സിബി ജോർജിന് ജപ്പാനിൽ അംഗീകാരം
Friday, January 20, 2023 1:35 AM IST
ടോക്കിയോ: ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർ ജിന് ടോക്കിയോയിലെ ഇംപീരിയൽ കൊട്ടാരത്തിൽ നരുഹിതോ ചക്രവർത്തിയുടെ അംഗീകാരം.
ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയായുള്ള നിയമനം സംബന്ധിച്ച രേഖകൾ ഇന്നലെ സിബിയിൽനിന്നു ചക്രവർത്തി നേരിട്ട് ഏറ്റുവാങ്ങി. ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പാലാ സ്വദേശിയായ സിബി ജോർജ് ദീപികയോടു പറഞ്ഞു.
കുവൈറ്റിൽ അംബാസഡറായിരുന്ന സിബിയെ അടുത്തിടെയാണു ജപ്പാനിലെ സ്ഥാനപതിയായി നിയമിച്ചത്. പാലാ സെന്റ് തോമസ് കോളജിൽ നിന്നു സ്വർണമെഡലോടെ ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷമാണ് എംഎ നേടി വിദേശകാര്യ സർവീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എസ്.കെ. സിംഗ് അവാർഡ് അടക്കം പല പുരസ്കാരങ്ങളും നേടിയ സിബി, കുവൈറ്റിലെ പ്രവാസികളുടെ മനംകവർന്ന പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായി.
ചിത്രകാരിയായ ജോയിസ് പാംപൂരത്ത് ആണ് ഭാര്യ.