ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രിയാകും
Sunday, January 22, 2023 2:37 AM IST
വെല്ലിംഗ്ടണ്‍: ലേബർ പാർട്ടി എംപി ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡ് പ്രധാനമന്ത്രിയാകും. സ്ഥാനമൊഴിയുന്ന ജസിൻഡ ആർഡേണിന്റെ പിൻഗാമിയായാണു നിയമനം. നിലവിൽ പോലീസ്, വിദ്യാഭ്യാസം, പൊതുസേവനം എന്നീ വകുപ്പുകളാണു ഹിപ്കിൻസ് കൈകാര്യം ചെയ്യുന്നത്.
2008ൽ ആദ്യമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹിപ്കിൻസിനെ, 2020 നവംബറിൽ കോവിഡ് മഹാമാരിയെ നേരിടുന്നതിനുവേണ്ടി മാത്രമായുള്ള മന്ത്രിയായി നിയമിച്ചിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട ഏക നേതാവ് ഹിപ്കിൻസാണ്. ഈ വർഷം ഒക്ടോബറിൽ ന്യൂസിലൻഡിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാർട്ടിയെ തെരഞ്ഞെടുപ്പു വിജയത്തിലേക്കു നയിക്കുകയെന്ന ഭാരിച്ച ചുമതലകൂടി ഹിപ്കിൻസിനു മുന്നിലുണ്ട്.
കഴിഞ്ഞ ദിവസമാണ് ജസിൻഡ ആർഡേൺ പ്രധാനമന്ത്രി പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു പ്രഖ്യാപനം. രാജ്യത്ത് പണപ്പെരുപ്പം കൂടുകയും സാമൂഹിക അസമത്വം വർധിക്കുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കെയാണ് 37കാരിയായ ആർഡേൺ സ്ഥാനമൊഴിയുന്നത്.
ലേബർ പാർട്ടി പുതിയ നേതാവിനെ പ്രഖ്യാപിക്കുന്നതോടെ ആർഡേൺ ഔദ്യോഗികമായി ഗവർണർ ജനറലിന് രാജി സമർപ്പിക്കും. 2017ൽ സ്ഥാനമേൽക്കുന്പോൾ ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ പ്രധാനമന്ത്രിയെന്ന നേട്ടത്തിന് ആർഡേൻ അർഹയായിരുന്നു.