അമേരിക്കയിൽ വെടിവയ്പ്; 10 പേർ കൊല്ലപ്പെട്ടു
Monday, January 23, 2023 12:22 AM IST
ലോസ് ആഞ്ചലസ്: അമേരിക്കയിൽ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. പത്തിലേറെ പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസിന്റെ കിഴക്കേ അതിർത്തിയിലുള്ള മോന്ററേ പാർക്ക് നഗരത്തിലെ ഡാൻസ് ബാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു പുരുഷനാണ് വെടിവയ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിക്കായി തെരച്ചിൽ ഊർജിതമാക്കി. ആക്രമണസമയത്ത് ആയിരക്കണക്കിനു പേർ സ്ഥലത്തുണ്ടായിരുന്നു. മോന്ററേ പാർക്കിൽ ചൈനീസ് വംശജർ ഉൾപ്പെടെയുള്ള ഏഷ്യക്കാരാണു ഭൂരിപക്ഷം. 60,000 പേരാണു നഗരത്തിലുള്ളത്.
ഈ വർഷം അമേരിക്കയിൽ നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണു മോണ്ടേറേ പാർക്കിൽ അരങ്ങേറിയത്.