മതനിന്ദ: പാക്കിസ്ഥാനിൽ വിക്കിപീഡിയ നിരോധിച്ചു
Sunday, February 5, 2023 1:26 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വിക്കിപീഡിയയ്ക്കു താത്കാലിക നിരോധനം. മതനിന്ദാപരാമർശം നീക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്തതിനെത്തുടർന്നാണു നടപടി. പാക് ടെലികോം അഥോറിറ്റി (പിടിഎ) രണ്ടു ദിവസത്തേക്കാണ് വെബ്സൈറ്റിന്റെ പ്രവർത്തനം തടഞ്ഞിരിക്കുന്നത്.
വെബ്സൈറ്റിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഹൈക്കോടതിയും സർക്കാരിനു നിർദേശം നൽകിയിരുന്നു. മതനിന്ദാ പരാമർശം നീക്കിയശേഷം നിരോധനം നീക്കുന്നതിൽ തീരുമാനം കൈക്കൊള്ളുമെന്ന് പിടിഎ വക്താവ് മലാഹത്ത് ഒബൈദ് അറിയിച്ചു. മതനിന്ദയുടെപേരിൽ ഫേസ്ബുക്കിനും യുട്യൂബിനും പാക്കിസ്ഥാൻ നിരോധനമേർപ്പെടുത്തിയ ചരിത്രമുണ്ട്.
സൗജന്യ ഓണ്‍ലൈൻ എൻസൈക്ലോപീഡിയ പ്ലാറ്റ്ഫോമായ വിക്കി പീഡിയയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വോളണ്ടിയർമാരാണ് ഉള്ളടക്കങ്ങൾ നൽകുന്നത്. വിക്കിമീഡിയ ഫൗണ്ടേഷനാണ് വെബ്സൈറ്റിന്റെ ചുമതലക്കാർ.