കീവിൽ വൻ ഡ്രോൺ ആക്രമണം
Monday, May 29, 2023 12:17 AM IST
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ വൻ ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ വ്യോമസേന വെടിവച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു.
യുക്രെയ്ന്റെ മറ്റു ഭാഗങ്ങളിലും ഡ്രോൺ ആക്രമണമുണ്ടായി. മൊത്തം 54 ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചതെന്നും ഇതിൽ 52 എണ്ണം വെടിവച്ചിട്ടെന്നും യുക്രെയ്ൻ വ്യോമസേന പറഞ്ഞു. കീവിൽ മാത്രം 40ലധികം ഡ്രോണുകൾ വെടിവച്ചിട്ടു. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു വലിയ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. തെക്കൻ കീവിലെ ഒരു ഗോഡൗൺ അഗ്നിക്കിരയായി.
ഇതിനിടെ റഷ്യൻ അതിർത്തിപ്രദേശമായ ബെൽഗരോദിൽ യുക്രെയ്ൻ സേന ഷെല്ലാക്രമണം ശക്തമാക്കി. അതിർത്തിയിലെ സ്കൂളുകൾ പൂട്ടാൻ ബെർഗരോദ് ഗവർണർ ഉത്തരവിട്ടു.
യുക്രെയ്ന് അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനങ്ങൾ നല്കാനുള്ള നീക്കം തീകൊണ്ടുള്ള കളിയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് മുന്നറിയിപ്പു നല്കി.