മഹ്സ അമിനിയുടെ ചരമവാർഷികം: ഇറാനിൽ ആറു പേർ അറസ്റ്റിൽ
Sunday, September 10, 2023 12:17 AM IST
ടെഹ്റാൻ: മഹ്സ അമിനിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കലാപം നടത്താൻ ശ്രമിക്കുന്നു എന്നാരോപിക്കപ്പെട്ട് ആറു പേർ ഇറാനിൽ അറസ്റ്റിലായി.
രണ്ടു പ്രവിശ്യകളിൽനിന്നായി പിടികൂടപ്പെട്ട ഇവർ കഴിഞ്ഞവർഷം നടന്ന പ്രതിഷേധപ്രകടനങ്ങളിൽ സജീവമായിരുന്നുവെന്ന് ഇറാനിലെ വിപ്ലവഗാർഡ് സേന അറിയിച്ചു. ഇന്റർനെറ്റിലൂടെ കലാപം സംഘടിപ്പിക്കാനായിരുന്നു ശ്രമം. ചില സോഷ്യൽ മീഡിയാ പേജുകൾ സസ്പെൻഡ് ചെയ്തതായും വിപ്ലവഗാർഡുകൾ പറഞ്ഞു.
ശിരോവസ്ത്രനിയമം ലംഘിച്ചുവെന്നാരോപിച്ച് മതപോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന കുർദ് യുവതി കഴിഞ്ഞവർഷം സെപ്റ്റംബർ 16നാണ് മരിച്ചത്. ഇതേത്തുടർന്ന് ഇറാനിലുടനീളം നടന്ന പ്രതിഷേധങ്ങളിൽ നൂറുകണക്കിനു പേർ മരിച്ചിരുന്നു.