സിനഡാത്മക സഭയ്ക്കായുള്ള ഏഷ്യന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു
Friday, September 15, 2023 3:40 AM IST
ബാങ്കോക്ക്: സിനഡാത്മക സഭയുടെ രൂപീകരണം ഏഷ്യയില്‍ എന്ന വിഷയത്തെ ആസ്പദമാക്കി തായ്ലന്ഡിലെ മഹാതായ കണ്വന്ഷന് സെന്ററില്‍ ഏഷ്യന്‍ മെത്രാന് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സമാപിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ 2023 ഒക്ടോബറില്‍ വിളിച്ചു കൂട്ടുന്ന സിനഡിനും 2024 ഒക്ടോബറില്‍ റോമിൽ ചേരുന്ന സിനഡിനും ഒരുക്കമായി ഏഷ്യന്‍ സഭയില്‍ നടന്ന വിവിധ ചര്‍ച്ചാ സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ തായ്ലന്ഡില് നടന്നത്. സമകാലീന കാലഘട്ടത്തില്‍ സഭ ഭരമേല്പ്പിച്ചിരിക്കുന്ന വിവിധ ദൗത്യങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകത സമ്മേളനം ചര്‍ച്ചചെയ്തു.
പ്രപഞ്ചം എന്ന നമ്മുടെ പൊതുഭവനം സംരക്ഷിക്കപ്പെടണം, സഭയില്‍ സ്ത്രീകളുടെയും യുവജനങ്ങളുടെയും പാവപ്പെട്ടവരുടെയും സ്വരങ്ങള്‍ ശ്രവിക്കപ്പെടണം, ഏഷ്യയിലെ സഭ സമാധാനത്തിന്റെയും സംഭാഷണങ്ങളുടെയും സഭയാകണം, ദേശങ്ങള്‍ തമ്മിലും സംസ്കാരങ്ങള്‍ തമ്മിലും സമാധാനത്തിന്റെ പാത തുറക്കാനുള്ള ശ്രമങ്ങള്‍ക്ക് സഭ മുന്‍പന്തിയില്‍ നില്‍ക്കണം തുടങ്ങിയവയാണ് ചര്‍ച്ചാ വിഷയമായത്. ഏഷ്യന്‍ ഭൂഖണ്ഡത്തിന് പുതിയ ദിശാബോധവും ആത്മീയ രൂപീകരണവും നല്കാന് സഭ മുന്‍പന്തിയില്‍ നില്ക്കും എന്ന പ്രഖ്യാപനത്തോടെയാണ് മൂന്നു ദിവസത്തെ സമ്മേളനം സമാപിച്ചത്.
ഏഷ്യയിലെ മുപ്പതോളം രാജ്യങ്ങളില്‍നിന്നുള്ള 70 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് കുടുംബത്തിനും അല്മായര്ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന് ജനറല്‍ സെക്രട്ടറി റവ. ഡോ. ജോബി ആന്റണി മൂലയില്‍ (ചങ്ങനാശേരി അതിരൂപത), തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന എന്നിവര്‍ പങ്കെടുത്തു.