പുടിൻ ചൈന സന്ദർശിക്കും
Wednesday, September 20, 2023 12:31 AM IST
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടുത്ത മാസം ചൈന സന്ദർശിച്ച് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും.
മോസ്കോ സന്ദർശിക്കുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി കൂടിക്കാഴ്ച നടത്തിയ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പട്രൂഷേവ് ആണ് ഇക്കാര്യം അറിയിച്ചത്.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും.
യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചശേഷം റഷ്യന്‍ പ്രസിഡന്റ് കാര്യമായ വിദേശ സന്ദർശനങ്ങൾ നടത്തിയിട്ടില്ല. യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നേരിടുന്ന പുടിൻ ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുത്തില്ല. ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിക്കും അദ്ദേഹം എത്തിയില്ല.