നാഗോർണോ-കരാബാക് അസർബൈജാന്റെ നിയന്ത്രണത്തിൽ
Saturday, September 23, 2023 12:59 AM IST
ന്യൂയോർക്ക്: ഈയാഴ്ച ആദ്യം നടന്ന രണ്ടുദിവസത്തെ സൈനിക നടപടിയിലൂടെ അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ-കരാബാക് പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി അസർബൈജാൻ പ്രഖ്യാപിച്ചു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി.
വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ നടന്ന ചർച്ചയിൽ അസർബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോർണോ പ്രദേശത്തിന്റെ പൂർണ നിയന്ത്രണം പിടിച്ചെടുത്തതായി അറിയിച്ചു. മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ ന്യൂനപക്ഷ അർമേനിയൻ ക്രൈസ്തവർക്ക് എല്ലാവിധ സംരക്ഷണവും നല്കുമെന്നും അദ്ദേഹം ഉറപ്പുനല്കി.
അർമേനിയൻ വംശജർക്കു ഭൂരിപക്ഷമുള്ള നാഗോർണോ കാരാബാക് പ്രവിശ്യയുടെ നിയന്ത്രണം 1994ലെ യുദ്ധത്തിലൂടെ അസർബൈജാനു നഷ്ടമായതാണ്. അർമേനിയൻ സേനയുടെ പിന്തുണ നാഗോർണോ പോരാളികൾക്കുണ്ടായിരുന്നു. 2020ലെ യുദ്ധത്തിൽ അസർബൈജാൻ മേഖലയിൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചിരുന്നു. ഈയാഴ്ചയാദ്യം അസർബൈജാൻ ആരംഭിച്ച സൈനികനടപടിയിൽ അർമേനിയൻ പോരാളികൾ റഷ്യയുടെ മധ്യസ്ഥതയിലൂടെ കീഴടങ്ങുകയായിരുന്നു.
അസർബൈജാന്റെ നിയന്ത്രണത്തിലായതോടെ നാഗോർണോ-കരാബാക്ക് വാസികൾ അർമേനിയയിലേക്കു പലായനം ചെയ്യാനുള്ള സാധ്യതയുണ്ട്.