ഉത്തരകൊറിയ മടക്കിവിട്ട സൈനികൻ യുഎസിലെത്തി
Friday, September 29, 2023 12:46 AM IST
ഹൂസ്റ്റൺ: ഉത്തരകൊറിയ മടക്കിയയച്ച യുഎസ് സൈനികൻ ട്രാവിസ് കിംഗ് ഇന്നലെ ടെക്സസിൽ വിമാനമിറങ്ങി. സ്വീഡന്റെ മധ്യസ്ഥശ്രമങ്ങൾക്കൊടുവിലാണ് ഇദ്ദേഹത്തെ തിരികെ അയയ്ക്കാൻ ഉത്തരകൊറിയ തയാറായത്.
ദക്ഷിണകൊറിയയിലെ യുഎസ് സേനാതാവളത്തിൽ വിന്യസിക്കപ്പെട്ടിരുന്ന ട്രാവിസ് കിംഗ് ജൂലൈയിൽ ഉത്തരകൊറിയയിലേക്കു കടക്കുകയായിരുന്നു. തുടർന്നുള്ള രണ്ടുമാസം ഉത്തരകൊറിയൻ കസ്റ്റഡിയിലായിരുന്നു.
പോലീസിനെ മർദിച്ചതിനു ദക്ഷിണകൊറിയൻ ജയിലിൽ രണ്ടുമാസം കിടന്ന കിംഗ് അച്ചടക്കനടപടി നേരിടാൻ അമേരിക്കയിലേക്കു മടങ്ങുന്നതിനിടെ വിമാനത്താവളത്തിൽനിന്നു മുങ്ങി ഉത്തരകൊറിയയിലേക്കു കടക്കുകയായിരുന്നു.
കിംഗ് അമേരിക്കൻ സേനയിൽ വംശീയവിവേചനം നേരിട്ടിരുന്നതായി ഉത്തരകൊറിയ പറയുകയുണ്ടായി.
കിംഗിന്റെ മോചനത്തിൽ അദ്ദേഹത്തിന്റെ കുടുംബം യുഎസ് സേനയ്ക്കു നന്ദി അറിയിച്ചു. വൈദ്യപരിശോധനയ്ക്കു ശേഷമായിരിക്കും കിംഗിനെതിരേ അച്ചടക്കനടപടി ആലോചിക്കുകയെന്നു യുഎസ് സേനാ വൃത്തങ്ങൾ പറഞ്ഞു.