ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
Saturday, April 20, 2024 2:18 AM IST
ടെഹ്റാൻ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനുമേൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഇറാനിലെ ആണവപദ്ധതികളും വ്യോമകേന്ദ്രങ്ങളും പ്രവർത്തിക്കുന്ന മധ്യ ഇറാനിലെ ഇസഫാൻ പ്രവിശ്യയിലായിരുന്നു ആക്രമണം.
ഇതേത്തുടർന്നു വിവിധ നഗരങ്ങളിലെ വ്യോമഗതാഗതം നിർത്തിവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം അറിയിച്ചു. ടെഹ്റാൻ വിമാനത്താവളം അടച്ചിട്ടതിനു പുറമേ ഫ്ലൈ ദുബായ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇസ്രയേലിന്റെ മൂന്ന് ഡ്രോണുകൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു. വെള്ളിയാഴ്ച ഇസ്ഫാനിലെ ആണവകേന്ദ്രങ്ങൾക്കടുത്തു സ്ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ ഫാർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന്റെ ആക്രമണം യുഎസും സ്ഥിരീകരിച്ചിട്ടുണ്ട്.
സിറിയയിലെ ഡമാസ്കസിലുള്ള ഇറേനിയൻ എംബസിയിൽ ഒന്നാംതീയതി ഇസ്രയേൽ ആക്രമണം നടത്തിയതാണു സംഘർഷങ്ങൾക്കു പിന്നിൽ. 13 പേർ കൊല്ലപ്പെട്ട സംഭവത്തിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് മുന്നൂറോളം ഡ്രോണുകൾ അയച്ച് ഇറാൻ ശക്തമായ മറുപടി നൽകി. എന്നാൽ, യുഎസും ബ്രിട്ടനും ഇടപെട്ടതോടെ ഇസ്രയേൽ കടുത്ത നടപടികൾക്കു ശ്രമിച്ചില്ല.
ഇന്നലത്തെ ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസഫാനിലെ ആണവകേന്ദ്രങ്ങൾക്കു കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഗ്ലോബൽ ന്യൂക്ലിയർ വാച്ച് ഡോഗ് പറഞ്ഞു.
അതിനിടെ, സ്ഫോടകവസ്തുക്കളും ഗ്രനേഡുമായി ഒരാൾ കടന്നുവെന്ന ദൃക്സാക്ഷി മൊഴിയെത്തുടർന്ന് പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പോലീസ് പരിശോധന നടത്തി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംശയകരമായ സാഹചര്യത്തിൽ ഒരാൾ സ്ഫോടകവസ്തുവുമായി നയതന്ത്ര കാര്യാലയത്തിലെത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നു പാരീസ് പോലീസ് അറിയിച്ചു. സ്ഫോടനം നടന്നിട്ടില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.